ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ആരാണ് അധികാരത്തിൽ വരുമെന്ന സർവ്വേയുമായി മാധ്യമ ഗ്രൂപ്പ്. 9 ഭാഷകളിലായി 10 സൈറ്റുകളില്‍ ടൈംസ് ഗ്രൂപ്പ് മെഗാ ഓണ്‍ലൈന്‍ പോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ തുടരുമെന്നാണ് ഓൺലൈൻ സർവേ പറയുന്നത്. എന്നാൽ മാറി ചിന്തിക്കുന്ന സംസ്ഥാനങ്ങൾ കേരളവും തമിഴ് നാടും ആണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടൈംസ് ഡിജിറ്റല്‍ ഗ്രൂപ്പ് സര്‍വ്വേ നടത്തിയത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 76 ശതമാനം പേരും മോദിക്ക് അനുകൂലമായി വോട്ട് ചെയ്യും. രാഹുലിനൊപ്പം 20 ശതമാനം പേർ. രാഹുലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിലൂടെ കോണ്‍ഗ്രസ് മോദിക്ക് ബദലായി ഉയരുമോ എന്ന ചോദ്യത്തോട് 73 ശതമാനം പേരും ഇല്ലെന്നാണ് മറുപടി നല്‍കിയത്. വോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനുള്ള കരുത്ത് രാഹുലിനില്ലെന്നാണ് 55 ശതമാനം പേരുടെയും അഭിപ്രായം. സര്‍വ്വേയില്‍ പങ്കെടുത്ത 79 ശതമാനവും 2019ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്നാണ് അഭിപ്രായപ്പെട്ടത്.
വോട്ടെടുപ്പില്‍ കേരളവും തമിഴ്നാടും രാഹുലിന് അനുകൂലമാണ്. ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് കേരളത്തില്‍ നിന്ന് വോട്ടെടുപ്പിനെത്തിയ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 54 ശതമാനം പേര് രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 39 ശതമാനം പേര് നരേന്ദ്ര മോദിക്കു തന്നെയായിരിക്കും വോട്ട് ചെയ്യുക എന്ന് അഭിപ്രായം രേഖപ്പെടുത്തി. നേതൃത്വത്തില്‍ നരേന്ദ്ര മോദി അല്ലായിരുന്നെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് 51 ശതമാനം പേര് അഭിപ്രായപ്പെട്ടു. മതത്തേക്കാള്‍ വികസനത്തിന് മുന്‍ തൂക്കം നല്‍കണമെന്നാണ് ഭൂരിഭാഗം വോട്ടമാരും അഭിപ്രായപ്പെട്ടത്.
2019 തെരഞ്ഞെടുപ്പില്‍ രാം മന്ദിര്‍ ഒരു വിഷയമാകില്ല എന്ന തന്നെയാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. മുത്തലാഖ്, റോഹിങ്ക്യ വിഷയം, ഏക സിവില്‍ കോഡ് വിഷയങ്ങളില്‍ മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചു. ബിജെപി മതവിഷയങ്ങള്‍ ഉയര്‍ത്തുന്നതിനെക്കാള്‍ വികസനത്തിന് പ്രാധാന്യം നല്‍കണമെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. 89 ശതമാനം പേര് പ്രസ്താവനയെ പിന്തുണച്ചപ്പോള്‍ 6 ശതമാനം പേര് മാത്രമാണ് എതിര്‍ത്തത്.
Post Your Comments