തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. ജിഷയുടെ കുടുംബത്തിന് യാതൊരു സ്വാധീനവുമില്ലാതിരുന്നിട്ടും രാത്രി 10 ന്ശേഷം ശ്മശാനത്തില്‍ ജിഷയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചത് ആരുടെ സ്വാധീനം മൂലമാണെന്ന് അന്വേഷിക്കണം.
ജിഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് യോഗ്യതയുള്ള ഡോക്ടറായിരുന്നില്ല, മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു. സര്‍ക്കാര്‍ നല്‍കിയ പണമല്ലാതെ നിരവധി അക്കൗണ്ടുകളില്‍ നിന്ന് കൊലപാതകത്തിന് ശേഷം പണമൊഴുകി. കെട്ടിട നിര്‍മ്മാണത്തിനായി പല തവണ ജിഷയുടെ വീട് ഒഴിപ്പിക്കാന്‍ വന്നവര്‍ ആരാണെന്ന് അന്വേഷിക്കണം. ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമിറുള്‍ ഇസ്ലാം മാത്രമല്ല ജിഷയെ കൊന്നതെന്നും ഇതിന് പിറകില്‍ ഗൂഡാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ജിഷയുടെ അമ്മ അസഭ്യം പറഞ്ഞതിന് മാത്രം പ്രതി ജിഷയെ കൊല്ലുമെന്ന് കരുതാനാവില്ല. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് എം.എല്‍. എ മുതിര്‍ന്ന യു.ഡി.എഫ് നേതാവിന് നേരെ ആരോപണമുന്നയിച്ചിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് എന്തുകൊണ്ടാണ് ഈ നേതാവിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത്. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്ര് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ ഗൂഡാലോചന ജിഷയുടെ മരണത്തിന്റെ പിറകില്‍ നടന്നിട്ടുണ്ട്. ഇതന്വേഷിക്കണം. പല കൊലപാതക കേസുകളിലും കീഴ്കോടതി വധ ശിക്ഷ വിധിച്ചെങ്കിലും അപ്പീല്‍ കോടതികളില്‍ പ്രതികള്‍ രക്ഷപ്പെടുന്നതാണ് അനുഭവമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജിഷയുടെ അച്ഛനും ആക്ഷന്‍ കൗണ്‍സിലും ഉന്നയിച്ച പരാതികള്‍ എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ആരോപണം ഉന്നയിച്ച ജിഷയുടെ അച്ഛനെ റോഡരികില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ഒരു യുവാവും ആത്മഹത്യ ചെയ്തു.
Post Your Comments