കോൺഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനം. 132 വർഷത്തിന്റെ പാരമ്പര്യമുള്ള കോണ്ഗ്രസ്സില്‍ നിന്നും സോണിയ ഗാന്ധി അധ്യക്ഷ പദവി മകന് കൈമാറുമ്പോള്‍ രാഹുലിന്റെ യുവത്വം കോണ്ഗ്രസ് എന്ന പ്രസ്ഥാനത്തിന് ഗുണകരമാകുമോ? പത്തിലധികം വര്ഷം സോണിയ ഗാന്ധിയുടെ കൈകളില്‍ ഭദ്രമായിരുന്ന അധ്യക്ഷ പദവിയില്‍ രാഹുൽ ഗാന്ധി ഇന്ന് അധികാരം ഏല്‍ക്കും. രാഹുല്‍ ഗാന്ധിയുടെ േനതൃത്വം കോണ്‍ഗ്രസിന് കരുത്ത് പകരുമോ? അതോ പടലപിണക്കങ്ങളുടെയും കുടുംബ അധികാര വടംവലികളുടെയും ഇടയില്‍ കോണ്ഗ്രസ് നാശത്തിലേയ്ക്ക് കൂടുതല്‍ കൂപ്പ് കുത്തുമോ?
സോണിയയുടെ പിന്‍ഗാമിയായി പ്രിയങ്ക എത്തുമെന്നും അതാണ് വേണ്ടതെന്നുമുള്ള ചില അഭിപ്രായങ്ങള്‍ പലയിടങ്ങളിലും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം രാഹുളിലെയ്ക്ക് ചുരുങ്ങി. അങ്ങനെ എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ എത്തി. നൂറിലധികം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാന്‍ ഉള്ള പാർട്ടിയുടെ അമരത്ത് നാൽപത്തിയേഴുകാരനായ രാഹുൽ ഗാന്ധി എത്തുമ്പോൾ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഏറെ പ്രതീക്ഷിക്കുന്നത് സ്വാഭാവികം. എന്നാല്‍ ഇന്ത്യയില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കോണ്ഗ്രസ് പിന്തള്ളപ്പെട്ടു. ലോക് സഭയില്‍ അംഗീകൃത പ്രതിപക്ഷം പോലും ആകാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല. ഈ അവസരത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ രാഹുലിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.
ആകെ ആറിടത്തു മാത്രമാണ് കോണ്ഗ്രസ് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളത്. അതില്‍ നിന്നും മാറി വിജയം കൊണ്ടുവരാന്‍ രാഹുലിന് സാധിക്കണം. എങ്കില്‍ മാത്രമേ രാഹുലിന്റെ വിജയം പൂര്‍ണ്ണമാകൂ. എന്നാല്‍ അത് എത്രത്തോളം സാധ്യമാകും? അസഹിഷ്ണുതയും എതിര്‍ക്കുന്നവന്‍ നിശബ്ദനാക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ജനാധിപത്യ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അണികളെ ഒത്തൊരുമയോടെ കൊണ്ട് പോകുകയെന്ന ദുഷ്കരമായ കര്‍ത്തവ്യമാണ് രാഹുലിന് മുന്നിലുള്ളത്.
രാഷ്ട്രീയരംഗത്തും ലോക്സഭയിലും ഇടയ്ക്കിടെയുണ്ടാവുന്ന അസാന്നിധ്യം പലപ്പോഴും രാഹുലിനെ വിമര്‍ശനങ്ങളില്‍പ്പെടുത്തിയിരുന്നു. കൂടാതെ വിദേശ പൗരത്വ പ്രചാരണവും രാഹുലിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തന്റെ കഴിവ് തെളിയിക്കണം. കാരണം പത്തുവര്‍ഷമായി സോണിയ ചിട്ടയോടെ കൊണ്ട് പോന്നിരുന്ന ഒരു പ്രവര്‍ത്തന ശൈലിയ്ക്ക് കാലങ്കമുണ്ടാകാന്‍ പാടില്ല.
സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ സജ്ജമാക്കുക, ഒരുമിച്ചുപോകാവുന്ന സഖ്യകക്ഷികളെ കണ്ടെത്തി കൂടെനിർത്തുക, അരികിലെത്തിയ പൊതുതിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക തുടങ്ങി നിരവധി കടമ്പകള്‍ രാഹുലിന് പൂര്‍ത്തിയാക്കാനുണ്ട്. പൂര്‍ണ്ണമായും ഇതെല്ലാം ഒരുക്കി ഈ വിഷമ ഘട്ടത്തില്‍ പാര്‍ട്ടിയ്ക്ക് പുതുജീവന്‍ കൊടുക്കുകയെന്ന ബാധ്യതയാണ് രാഹുലിന് ഉള്ളത്.
Post Your Comments