കണ്ണൂര്‍: പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ നടക്കുന്ന റാലിക്ക് ആളെക്കൂട്ടാന്‍ പ്രത്യേക ടൂര്‍ പാക്കേജുമായി സി.പി.എം. ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനവും റാലിയും നടക്കുന്ന ദിവസം ഹൈദരാബാദില്‍ എത്തുന്ന വിധത്തിലാണ് ടൂര്‍ പാക്കേജ് ഒരുക്കിയിട്ടുള്ളത്. സി.പി.എം നിയന്ത്രണത്തിലുള്ള മുഴപ്പിലങ്ങാട് സര്‍വിസ് സഹകരണ ബാങ്ക് പാര്‍ട്ടി ചിഹ്നം അച്ചടിച്ച ബ്രോഷര്‍ ഇറക്കിയാണ് ടൂറിസം പാക്കേജിന് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സ്വപ്നതീരം ടൂറിസം സംരംഭത്തിന്റെ പേരിലാണ് പാക്കേജ്.
അതേസമയം റാലിയില്‍ പങ്കെടുക്കാന്‍ ടൂര്‍ പാക്കേജായി ആളെ കൊണ്ടുപോകാനും ഇതിനു തയാറാക്കിയ ബ്രോഷറില്‍ പാര്‍ട്ടി ചിഹ്നം അച്ചടിച്ചതും വിവാദമായിട്ടുണ്ട്. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് ഹൈദരാബാദില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
ഒരാള്‍ക്ക് 8,000 രൂപയാണ് ചാര്‍ജ്. യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും. കൂടാതെ ഹൈദരാബാദിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, ചാര്‍മിനാര്‍, പ്രമുഖ ആരാധനാ കേന്ദ്രമായ മക്കാ മസ്ജിദ്, ലുംബിനി ഗാര്‍ഡന്‍സ്, ഹുസൈന്‍ സാഗര്‍ തടാകം, ലേസര്‍ ഷോ ഇവയെല്ലാം സന്ദര്‍ശിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്. ട്രെയിന്‍ ടിക്കറ്റ്, പ്രവേശന ടിക്കറ്റുകള്‍, താമസം, ഭക്ഷണം, മലയാളി ടൂര്‍ മാനേജരുടെ സേവനം ഉള്‍പ്പെടെയാണ് പാക്കേജില്‍ ഒരാള്‍ക്ക് 8000 രൂപ ഈടാക്കുന്നതെന്നും ബ്രോഷറില്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments