Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

രാഹുല്‍ ഗാന്ധി വരുമ്പോള്‍.. ഏറെ കാലത്തിനുശേഷം കോണ്‍ഗ്രസിനു കൈവന്ന പുത്തന്‍ ഉണര്‍വിനെ കുറിച്ച് ബിനോയ് വിശ്വം എഴുതുന്നു

ഏറെ കാലം കൂടി കോണ്‍ഗ്രസിനുള്ളില്‍ ഒരു ഉണര്‍വ് പ്രകടമായിരിക്കുന്നു. അധ്യക്ഷ പദവിയിലേയ്ക്കുള്ള രാഹുല്‍ഗാന്ധിയുടെ വരവ് തങ്ങളുടെ നഷ്ട സൗഭാഗ്യങ്ങളെല്ലാം തിരികെയെത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കാനുള്ള അവരുടെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആവുകയുമില്ല. അത്രമാത്രം അഗാധമായ തകര്‍ച്ചയിലാണ് കോണ്‍ഗ്രസ് എത്തിപ്പെട്ടത്. 132 വയസ്സ് താണ്ടിയ കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തില്‍ വഹിച്ച പങ്ക് എതിരാളികള്‍ പോലും നിഷേധിക്കുകയില്ല. സ്വാതന്ത്ര്യാനന്തരം രണ്ട് ദശാബ്ദത്തോളം അധികാരത്തിന്റെ കുത്തക കോണ്‍ഗ്രസിനായിരുന്നു.

1967 നുശേഷമുള്ള കോണ്‍ഗ്രസ് ചരിത്രം ഉയര്‍ച്ചകളുടേയും താഴ്ച്ചകളുടേതുമായിരുന്നു. 2014 ഇന്ത്യന്‍ രാഷ്ട്രീയത്തിനെന്നതുപോലെ കോണ്‍ഗ്രസിനും വഴിത്തിരിവായിരുന്നു. ഇന്ത്യ അവളുടെ കരുത്തിനാധാരമായി ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷതയോട് ആശയപരമായിതന്നെ വൈരം പുലര്‍ത്തുന്ന ഒരു പാര്‍ട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 44 സീറ്റുകളോടെ (ഗുരുദാസ്പൂര്‍ വിജയത്തോടെ അതു 45 ആയി) കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി ഏറ്റു വാങ്ങി. മഹാത്മാഗാന്ധിയേക്കള്‍ മഹാനാണ് ഗോഡ്സേ എന്ന പ്രഖ്യാപനങ്ങള്‍ പോലും പുതിയ ഭരണവുമായി ബന്ധമുള്ള ശക്തികള്‍ നടത്തുന്നത് രാജ്യത്തിന് കേള്‍ക്കേണ്ടി വന്നു. കോണ്‍ഗ്രസ്സില്‍ നിന്നു ബിജെപിയിലേക്ക് പ്രമുഖ നേതാക്കളടക്കമുള്ളവരുടെ കുത്തൊഴുക്കുണ്ടായി. എന്തു ചെയ്യേണ്ടന്നറിയാതെ പകച്ചു നിന്ന പാര്‍ട്ടിയുടെ തലപ്പത്തേക്കാണ് രാഹുല്‍ഗാന്ധി വരുന്നത്.

കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളില്‍ ഗുജറാത്തില്‍ കാഴ്ച്ച വച്ച പുതിയ കരുത്തിന്റെ ബലത്തിലാണ് അദ്ദേഹത്തിന്റെ വരവ്. പക്ഷേ അതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല കോണ്‍ഗ്രസിന്റെ പ്രതിസന്ധി.
എ കെ ആന്റണിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്റെ സ്ഥാനാരോഹണത്തെ താരതമ്യപ്പെടുത്തുന്നത് 1929 ലെ ലാഹോര്‍ കോണ്‍ഗ്രസുമായിട്ടാണ്. മോട്ടിലാല്‍ നെഹ്റുവില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദം ഏറ്റെടുത്തത് ലാഹോര്‍ കോണ്‍ഗ്രസില്‍ വച്ചായിരുന്നു. അതുപോലെ ഇപ്പോള്‍ സോണിയ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കുന്നു. അതിനപ്പുറമൊന്നും എ കെ ആന്റണി പറഞ്ഞില്ലെങ്കിലും ലാഹോര്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം അവിടെ തീരുന്നതല്ല.

1885 ല്‍ ജന്മം കൊണ്ട കോണ്‍ഗ്രസ് 1929ല്‍ ലാഹോറില്‍ വച്ചാണ് ‘പൂര്‍ണ സ്വരാജ്’ ലക്ഷ്യമായി പ്രഖ്യാപിച്ചത്. (1925ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ദേശീയ അജന്‍ഡയില്‍ ആദ്യമായി ‘പൂര്‍ണ സ്വരാജ്’ എന്ന ലക്ഷ്യം എഴുതി വച്ചത് ). കോണ്‍ഗ്രസിന്റെ സ്വഭാവത്തിലും ഉള്ളടക്കത്തിലും ഗുണപരമായ മാറ്റം വരുത്തി എന്നതാണ് ലാഹോറിന്റെ മൗലികമായ പ്രാധാന്യം. എന്തുകൊണ്ടോ അത്തരം നയപരമായ കാര്യങ്ങള്‍ അയവിറക്കാന്‍ പോലും തുനിയേണ്ട എന്നാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കുന്നത്. ഇന്ത്യയെ കണ്ടെത്താന്‍ തന്റെ രാഷ്ട്രീയ ജിജ്ഞാസകളെ മുഴുവന്‍ കെട്ടഴിച്ചുവിട്ട നെഹ്റു തന്റെ പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കാന്‍ ആധികാരികമായ ശ്രമങ്ങള്‍ ആരംഭിച്ചത് ലാഹോറില്‍ നിന്നാണ്. ലാഹോര്‍ കോണ്‍ഗ്രസിലെ അധ്യക്ഷ പ്രസംഗത്തില്‍ നെഹ്റു പറഞ്ഞു:

”ഞാന്‍ ഒരു സോഷ്യലിസ്റ്റും റിപ്പബ്ലിക്കനുമാണെന്നു തുറന്നു പറയേണ്ടതുണ്ട്. രാജ്യാധികാരം കൈയാളിയ പഴയ രാജാക്കന്മാരിലും വ്യവസായ ആധിപത്യം കൈയാളുന്ന പുതിയ രാജാക്കന്മാരിലും എനിക്ക് വിശ്വാസമില്ല”

”ഇന്നത്തെ സാഹചര്യങ്ങളില്‍ ഒരു പൂര്‍ണ സോഷ്യലിസ്റ്റ് പരിപാടി അംഗീകരിക്കാന്‍ കോണ്‍ഗ്രസിനു സാധ്യമല്ലെങ്കിലും, സോഷ്യലിസ്റ്റ് തത്വശാസ്ത്രം ലോകത്തിന്റെ സാമൂഹിക ഘടനയില്‍ ചെലുത്തുന്ന സ്വാധീനം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ……….ഇന്ത്യ നേരിടുന്ന ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കാന്‍ ഇന്ത്യക്കും ആ വഴിതന്നെ പോകേണ്ടി വരും. അതിനു നാം നമ്മുടെതായ രീതികള്‍ ആവിഷ്‌ക്കരിക്കും”

”ന്യൂനപക്ഷങ്ങള്‍ക്ക് ഞാന്‍ പൂര്‍ണമായി ഉറപ്പു നല്‍കുന്നു; നമ്മുടെ വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും അവരുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഇവിടെ സുരക്ഷിതമായിരിക്കുമെന്നു” ”തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങളെ നാം മുറുകെ പിടിക്കണം. അവ തന്നെയാണ് രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍”

”കോണ്‍ഗ്രസ് മൂലധനത്തിന്റെയും അധ്വാനത്തിന്റെയും താല്‍പര്യങ്ങളെ, ജമീന്ദാര്‍മാരുടെയും അവരുടെ കൃഷിക്കാരുടെയും താല്‍പ്പര്യങ്ങളെ സമീകൃതമായി കാണണമെന്നു പറയുന്നവരുണ്ട്. പക്ഷെ ആ സമീകരണം പലപ്പോഴും ഏകപക്ഷീയമായി മാറുന്നു. ഇവിടെ ‘സ്റ്റാറ്റസ്‌കോ’ നിലനിര്‍ത്തുക എന്ന വാദത്തിനര്‍ത്ഥം അനീതിയും ചൂഷണവും നിലനിര്‍ത്തുക എന്നു മാത്രമാണ്….. ഇതിനു പരിഹാരം ഒരു വര്‍ഗത്തിന് മറ്റൊരു വര്‍ഗത്തിന്മേലുള്ള ആധിപത്യം അവസാനിപ്പിക്കുക മാത്രമാണ്.

നമ്മുടെ സാമ്പത്തിക പരിപാടി മാനുഷികമായ കാഴ്ചപ്പാടുള്ളതും പണത്തിനു മുമ്പില്‍ മനുഷ്യനെ ബലികൊടുക്കാത്തതും ആയിരിക്കണം”ഇതായിരുന്നു നെഹ്റു. ഇതുപോലെയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു ലാഹോര്‍ കോണ്‍ഗ്രസിലെ അധ്യക്ഷപ്രസംഗത്തിന്റെ കാതല്‍. അധികാരത്തില്‍ ഏറിയപ്പോള്‍ അവയോടു നീതി കാണിക്കാന്‍ അദ്ദേഹത്തിനായില്ലെങ്കിലും കോണ്‍ഗ്രസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പങ്ങള്‍ ഇതായിരുന്നു.

ഈ നെഹ്റുവിയന്‍ സമീപനത്തില്‍ നിന്നാണ് കോണ്‍ഗ്രസ് അതിന്റെ ദര്‍ശനം കെട്ടിപ്പടുത്താന്‍ ശ്രമിച്ചത് . കോളനിവാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച്, അധികാരം കൈമാറ്റം ചെയ്യപ്പെട്ട 1947 ഓഗസ്റ്റിലെ ആ പാതിരാവില്‍ നടത്തിയ പ്രസംഗത്തിലും നെഹ്റു മേല്‍പറഞ്ഞ ആശയങ്ങളാണ് പ്രതിഫലിപ്പിച്ചത്. അതുകൊണ്ടാണ് ഇന്ത്യയുടെ ഭാവിഭാഗധേയങ്ങളുടെ കൂടികാഴ്ചയുടെ മൂഹൂര്‍ത്തമായി അത് മാറിയത്. കാര്‍ഷിക വ്യാവസായിക ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ രാജ്യം നേടിയ പുരോഗതിക്കു പിന്നില്‍ നെഹ്റുവിയന്‍ ദര്‍ശനങ്ങളുടെ അനിഷേധ്യമായ സ്വാധീനം ഉണ്ടായിരുന്നു. മത നിരപേക്ഷതയ്ക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാത്മാഗാന്ധിയുടെ നിരീക്ഷണങ്ങളും കോണ്‍ഗ്രസിനു വഴികാട്ടികളായിരുന്നു. പ്രസ്തുത ഗാന്ധി നെഹ്റു മൂല്യങ്ങളില്‍ നിന്ന് വഴിമാറിയപ്പോഴാണ് കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത്.

വര്‍ഗീയ തീവ്രവാദത്തിന്റെ രാഷ്ട്രീയ മുഖമായ ബിജെപി ക്ക് അധികാരം നേടാന്‍ കളമൊരുക്കിയത് കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നത് അംഗീകരിക്കാന്‍ അവര്‍ക്ക് പ്രയാസമായിരിക്കും. പക്ഷേ സത്യം അതാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാന സ്വപ്നങ്ങളാണ് ഭരണഘടനാ ലക്ഷ്യങ്ങളായി അതിന്റെ ആമുഖത്തില്‍ സ്ഥാനം പിടിച്ചത്. പരമാധികാരവും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമാണവ. ആ മൂല്യങ്ങളോടെല്ലാം ആശയപരമായി അകല്‍ച്ചയുള്ള രാഷ്ട്രീയമാണ് ഇന്ന ധികാരം കൈയ്യാളുന്നത്. മത ന്യൂനപക്ഷങ്ങളും ദളിതരും വേട്ടയാടപ്പെടുന്നതും പശു രാഷ്ട്രീയ മൃഗമായി മാറുന്നതും ബുദ്ധിജീവികള്‍ കൊല ചെയ്യപ്പെടുന്നതും വിജ്ഞാനകേന്ദ്രങ്ങള്‍ കടന്നാക്രമിക്കപെടുന്നതും തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിക്കെതിരായി ഭേദഗതി ചെയ്യപ്പെടുന്നതും കര്‍ഷകര്‍ വെടിവെച്ചു വീഴ്ത്തപ്പെടുന്നതും സ്ത്രീകളും കുട്ടികളും ഭീകരമാംവിധം ചൂഷണം ചെയ്യപ്പെടുന്നതും അതു കൊണ്ടാണ്.
അവര്‍ക്ക് ഉത്തരം കണ്ടെത്താന്‍ നെഹ്രുവിന്റെ ഇളമുറക്കാരന്‍ മൈലുകള്‍ സഞ്ചരിക്കേണ്ടി വരും (promises to keep and miles to go എന്ന നെഹ്റുവിന്റെ പ്രിയപ്പെട്ടവരികള്‍ ഓര്‍ക്കുക). അത്രക്കു സങ്കീര്‍ണമാണ് രാജ്യവും കോണ്‍ഗ്രസും ഇന്നു നേരിടുന്ന വെല്ലുവിളികള്‍.

ബിജെപിയെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കുമാവില്ല എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ആസൂത്രിത പ്രചാരണ തന്ത്രങ്ങളുമായാണ് സംഘപരിവാര്‍ നീങ്ങുന്നത്. ആ മിഥ്യയെ തകര്‍ക്കലാണ് അടിയന്തിര കടമ എന്നു ചിന്തിക്കുന്നവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെയുണ്ട്. അവര്‍ വിശാലമായ ഒരു വേദിയില്‍ അണിനിരക്കുമെങ്കില്‍ ജനങ്ങളില്‍ അതുളവാക്കുന്ന ആത്മവിശ്വാസം വലുതായിരിക്കും. ഇന്നത്തെ ഇന്ത്യക്ക് ആ ആത്മവിശ്വാസമാണ് പ്രദാനം ചെയ്യേണ്ടത്. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇടതുപക്ഷ മതേതരശക്തികളില്‍ ഇന്നു സജീവമായി നടക്കുന്നുണ്ട്. ഇത് ഒരു രാഷ്ട്രീയ മുന്നണിയായി മാറാന്‍ ഇന്ന് സാധ്യത വിരളമാണ്. അതിനു കാരണം കോര്‍പ്പറേറ്റ് കൊള്ളയ്ക്കു കൂട്ടുനില്‍ക്കുന്ന നവലിബറല്‍ നയങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെയാണ്. രാജ്യത്തിന്റെ ഭാവിയില്‍ നിര്‍ണായകമായ ഇത്തരം ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയുടെ സംഭാവന്ന എന്തായിരിക്കും? പ്രസംഗവേദികളില്‍ അടുത്ത കാലത്ത് അദ്ദേഹം നിര്‍ലോഭം ചൊരിഞ്ഞ തൊഴിലാളി കര്‍ഷക ദരിദ്ര പക്ഷാഭിമുഖ്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാഴ്ചപ്പാടായി മാറ്റാന്‍ രാഹുലിനു കഴിയുമോ?
കോണ്‍ഗ്രസ് ഒരിടതുപക്ഷ പാര്‍ട്ടിയായി മാറുമെന്ന് ആരും ചിന്തിക്കുന്നില്ല. എന്നാല്‍ അതിനു സ്വന്തം ഗാന്ധി നെഹ്റു പാരമ്പര്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്നു ചോദിക്കുന്നവര്‍ ഏറെയുണ്ട്. ശ്രമകരമായ ഒരു ദൗത്യമാണത്. ചരിത്രത്തില്‍ നിന്നു തന്നെ ഗാന്ധിജിയെയും നെഹ്റുവിനെയും അപ്രസക്തരാക്കാന്‍ ആര്‍എസ്എസ് വൈരാഗ്യപൂര്‍വം ശ്രമിക്കുമ്പോള്‍ ഇത് കൂടുതല്‍ പ്രയാസകരവും പ്രാധാന്യമേറിയതുമാകുന്നു. നെഹ്റു ഇന്ത്യയെ കണ്ടെത്താന്‍ നടത്തിയ ആശയ ഗരിമയാര്‍ന്ന പ്രയത്നങ്ങള്‍ ഓര്‍ത്തുകൊണ്ട് നെഹ്റുവിനെ കണ്ടെത്താനാണ് ഇന്നു കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. പുതിയ കാലത്തിന്റെ വെല്ലുവിളിക്കു മുമ്പില്‍ നെഹ്റുവിന്റെ ചിന്തകളെ കാലോചിതമായി നിര്‍വചിക്കാനും വ്യാഖ്യാനിക്കാനുമുള്ള ആര്‍ജവമാണ് കോണ്‍ഗ്രസിനുണ്ടാകേണ്ടത്. അത്തരമൊരു പരിശ്രമത്തിന്റെ മുമ്പില്‍ നില്‍ക്കാന്‍ പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് ബോധപൂര്‍വം ശ്രമിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ആ പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കപ്പെടുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button