മലപ്പുറം : ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ ആഫ്രിക്കന്‍ വംശജനെ മലപ്പുറം പൊലീസ് സ്പെഷ്യല്‍ സ്ക്വാഡ് ഡല്‍ഹി മെഹ്റോളിയില്‍ നിന്നും അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയും ഡല്‍ഹിയില്‍ താമസിച്ച് വരികയുമായിരുന്ന ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23 വയസ്സ്) ആണ് അറസ്റ്റിലായത്. വിദേശത്ത് വിവിധ ജോലികള്‍ വാഗ്ദാനം നല്‍കി ഓണ്‍ലൈനില്‍ പരസ്യം നല്‍കുകയും ബന്ധപ്പെടുന്നവരോട് പ്രൊസസിങ്ങ്, ക്ളിയറന്‍സ് എന്നിങ്ങനെ പറഞ്ഞ് പണം നിക്ഷേപിപ്പിക്കുക.
വിദേശ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ഫോട്ടോകള്‍ ഉപയോഗിച്ച് വിദേശികളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് സൌഹൃദവും പ്രണയവും സ്ഥാപിച്ചെടുക്കുകയും ഇതില്‍ വീഴുന്ന ആളുകളെ ഇന്ത്യയിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചുവെച്ചിരിക്കുന്നുവെന്ന് പറഞ്ഞും രക്ഷപ്പെടാന്‍ സഹായം അഭ്യര്‍ത്ഥിച്ചും ഇയാള്‍ പണം തട്ടിയതാതായാണ് വിവരം.
ലക്ഷക്കണക്കിന് വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് വ്യാജ എസ്‌എംഎസ് അയക്കുകയും, അത് ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചത് ഉള്‍പ്പെടെ വിവിധ തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയിരുന്നത്. ആപ്പിള്‍ ഐ ഫോണുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നെന്ന പരസ്യം ഇന്റര്‍നെറ്റില്‍ കണ്ട് സമീപിച്ച പരാതിക്കാരനെ ഒരു വാട്സാപ്പ് നമ്പറില്‍ നിന്ന് വിളിച്ച് ഐ ഫോണ്‍ ലഭിക്കുന്നതിന് പണമടക്കേണ്ട ബാങ്ക് അക്കൌണ്ട് നമ്ബര്‍ നല്‍കുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി എസ്‌ഐ റിയാസ് ചാക്കീരിയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എല്‍.എം. അബ്ദുല്ല ബാബു, പി. മുഹമ്മദ് സലീം എന്നിവരാണ് ഡല്‍ഹിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പണമടച്ചെങ്കിലും ഐ ഫോണ്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുന്നെത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കേരളത്തിലേക്ക് കൊണ്ടുവന്നു.
Post Your Comments