അങ്കാറ : സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) പൂര്‍ണമായും തുരത്തിയെന്ന വാദത്തില്‍ വഴിത്തിരിവുമായി പുതിയ ആരോപണം. ഐഎസിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ റാഖയില്‍ ഏതാനും ആഴ്ച മുന്‍പു നടന്ന കനത്ത പോരാട്ടത്തിന്റെ വിവരങ്ങളെല്ലാം കെട്ടുകഥകളെന്ന ആരോപണവുമായി സിറിയന്‍ ഡെമോക്രാറ്റിറ്റ് ഫോഴ്‌സ്(എസ്ഡിഎഫ്) മുന്‍ കമാന്‍ഡറാണു രംഗത്തെത്തിയിരിക്കുന്നത്. ഐഎസ് ഭീകരരെ ബസില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള നീക്കത്തിനു മറയായാണു യുദ്ധകഥ കെട്ടിച്ചമച്ചതെന്ന് തലാല്‍ സിലോ എന്ന കമാന്‍ഡര്‍ ‘റോയിട്ടേഴ്‌സി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
റാഖയിലെ പോരാട്ടം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ യുഎസിന്റെ ഉള്‍പ്പെടെ പിന്തുണയോടെയായിരുന്നു ഐഎസുമൊത്തുള്ള ‘രഹസ്യ’ ഉടമ്പടിയെന്നും സിലോ വ്യക്തമാക്കി. മുന്നൂറില്‍ താഴെ മാത്രം ഐഎസ് ഭീകരരാണ് റാഖയില്‍ നിന്നു രക്ഷപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആയിരക്കണക്കിനു ഭീകരരും കുടുംബവുമാണ് പൂര്‍ണ സൈനിക സുരക്ഷയോടെ രക്ഷപ്പെട്ടതെന്ന് സിലോ പറയുന്നു. എന്നാല്‍ സിലോയുടെ ആരോപണം തെറ്റാണെന്നും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്നും യുഎസ് സുരക്ഷാവിഭാഗം പ്രതികരിച്ചു. അതേസമയം സിലോയ്ക്കു പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തിയിട്ടുണ്ട്.
യുഎസ് പിന്തുണയോടെയാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ഐഎസിനെതിരെ പോരാടുന്നത്. എന്നാല്‍ തുര്‍ക്കി ഈ നീക്കത്തിന് എതിരാണ്. ഒക്ടോബര്‍ മധ്യത്തോടെയാണ് ഐഎസുമൊത്ത് കരാറുണ്ടാക്കുന്നത്. തുടര്‍ന്ന് അന്ന് മാധ്യമങ്ങളെ കണ്ടതും സിലോ ആണ്. എസ്ഡിഎഫ് വക്താവ് എന്ന നിലയില്‍ ഐഎസിന്റെ അപ്പോഴത്തെ അവസ്ഥയെപ്പറ്റിയും വിശദീകരിച്ചു.
മുന്നൂറോളം ഭീകരരും കുടുംബവും സ്ഥലം വിട്ടെന്നും ബാക്കിയുള്ളവര്‍ പോരാട്ടം തുടരുകയാണെന്നുമാണു പറഞ്ഞത്. ഇതിനു പിന്നാലെ റാഖ ഐഎസില്‍ നിന്നു പൂര്‍ണമായും പിടിച്ചെടുത്തതായി അറിയിപ്പും വന്നു. എന്നാല്‍ റാഖയിലെ തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഐഎസ് ഭീകരര്‍ അപ്രതീക്ഷിതമായി തിരിച്ചടിച്ചെന്ന വാര്‍ത്തയാണു പിന്നീടു വന്നത്. ഭീകരരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന സമയത്ത് റാഖയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ വരുന്നതു തടയാനായിരുന്നു ഇത്തരമൊരു കെട്ടുകഥ.
കനത്ത പോരാട്ടമാണെന്ന’നാടകം’ കളിച്ച് മൂന്നു ദിവസത്തോളം ജനങ്ങളെയും റാഖയിലേക്ക് പ്രവേശിപ്പിച്ചില്ല. ഐഎസിനെ റാഖ വിടാന്‍ അനുവദിക്കണമോയെന്ന കനത്ത തര്‍ക്കം പുരോഗമിക്കവെയാണ് യുഎസ് പിന്തുണയോടെ രഹസ്യ ഉടമ്പടിയുണ്ടാക്കിയത്. സാഹിന്‍ സിലോ എന്ന കുര്‍ദിഷ് എസ്ഡിഎഫ് കമാന്‍ഡറാണ് ഐഎസ് പ്രതിനിധിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹം പിന്നീട് ജലബിയയിലുള്ള യുഎസ് സൈനിക ക്യാംപിലേക്കു പോയി. അവിടെ നിന്നു തിരിച്ചെത്തിയത് ഐഎസിനെ റാഖയില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്ന ഉടമ്പടിയുമായിട്ടായിരുന്നു.
ഐഎസിന്റെ രക്ഷപ്പെടല്‍ സംബന്ധിച്ചു നേരത്തേ ബിബിസി റിപ്പോര്‍ട്ടും സംശയം പ്രകടിപ്പിച്ചിരുന്നു. ഐഎസ് ഭീകരരെ കൊണ്ടു പോയ വാഹനവ്യൂഹത്തിലെ ഡ്രൈവര്‍മാരിലൊരാളുടെ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്്. ഏഴു കിലോമീറ്ററോളം നീളമുണ്ടായിരുന്നു വാഹനവ്യൂഹത്തിന്. 50 ട്രക്കുകള്‍, 13 ബസുകള്‍ എന്നിവയിലായിരുന്നു ഭീകരരുടെ കുടുംബങ്ങള്‍. ഐഎസിന്റെ നൂറോളം വാഹനങ്ങളില്‍ ആയുധങ്ങള്‍ കടത്തിയതായും ഡ്രൈവര്‍ പറഞ്ഞു. ആകെ നാലായിരത്തോളം പേരുണ്ടായിരുന്നു. അതില്‍ അഞ്ഞൂറോളം പേര്‍ ഐഎസ് പോരാളികളും.
എന്നാല്‍ റാഖയില്‍ നിന്ന് ഭീകരര്‍ എങ്ങോട്ടു പോയെന്നത് ഇപ്പോഴും വ്യക്തമല്ല. മരുഭൂമിയിലേക്ക് ഓടിച്ചുവിട്ടെന്നായിരുന്നു നേരത്തേ സിറിയ പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ അതിര്‍ത്തി കടന്ന് തുര്‍ക്കിയിലേക്കു കടന്നതായി സംശയം ബലപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ തുര്‍ക്കിയിലും പാശ്ചാത്യരാജ്യങ്ങളിലും ഇനിയും ആക്രമണങ്ങള്‍ക്ക് ഐഎസ് പദ്ധതിയിടുമെന്നും അധികൃതര്‍ പറയുന്നു.
സിറിയയിലെ ദേര്‍ അല്‍-സോറില്‍ ഐഎസിന് ഇപ്പോഴും സ്വാധീനമുള്ള മേഖലയിലേക്കാണ് ഭീകരര്‍ പോയതെന്നും കരുതുന്നുണ്ട്. പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെ പിന്തുണയ്ക്കുന്ന സേന ഈ പരിസരത്താണു ക്യാംപ് ചെയ്തിരിക്കുന്നത്. എസ്ഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് താനിപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നതെന്നും സിലോ വ്യക്തമാക്കുന്നു. ‘ഒരു നഗരം മുഴുവനും അവര്‍ നശിപ്പിച്ചു, പക്ഷേ ഭീകരരെ തൊടാനായില്ല’- അദ്ദേഹം പറഞ്ഞു.
അതേസമയം ആരോപണങ്ങളെയെല്ലാം എസ്ഡിഎഫും യുഎസും പ്രസ്താവനയിലൂടെ തള്ളിയിട്ടുണ്ട്. ഭീകരരുമായി ഇത്തരമൊരു ഉടമ്പടിയുണ്ടാക്കിയിട്ടില്ലെന്നും യുഎസ് വ്യക്തമാക്കി.
Post Your Comments