അമൃത്സര്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ലണ്ടൻ മേയർ സാദിക് ഖാന്. ചൊവ്വാഴ്ച അമൃത്സര്‍ സന്ദര്‍ശിച്ച മേയർ സന്ദര്‍ശക ബുക്കിലാണ് ഇക്കാര്യം കുറിച്ചിട്ടത്. കൂട്ടക്കൊലയില്‍ മരണമടഞ്ഞവര്‍ക്ക് അദ്ദേഹം ഈ അവസരത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ആദ്യമായാണ് ഒരു ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും 1997ല്‍ ജാലിയന്‍വാലാബാഗ് സ്മൃതിമണ്ഡപം സന്ദര്‍ശിച്ചിരുന്നു. ‘ദു:ഖകരമായ സംഭവം’ എന്നാണ് എലിസബത്ത് രാജ്ഞി കൂട്ടക്കൊലയെ കുറിച്ച് അന്ന് പറഞ്ഞത്. 2013ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇന്ത്യ സന്ദര്‍ശനത്തിനിടെ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കുകയും ദുരന്തത്തില്‍ അനുശോചിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമായിരുന്നു എന്നാണ് കാമറൂണ്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് പറഞ്ഞത്.
1919 ഏപ്രില്‍ 19നാണ് ജാലിയന്‍ വാലാബാഗിൽ സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളും നിരായുധരുമായ ആള്‍ക്കൂട്ടത്തിനുനേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തത്. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 379 ആണ്. എന്നാല്‍ ആയിരത്തോളം പേര് മരിച്ചെന്നാണ് കരുതപ്പെടുന്നത്.
Post Your Comments