ചെന്നൈ: തഞ്ചാവൂരിലെ ക്ഷേത്രത്തിൽനിന്നും 1957-ൽ മോഷണം പോയ വിഗ്രഹം കണ്ടെത്തി. ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിലാണ് വിഗ്രഹം കണ്ടെത്തിയത്. തിരുമങ്കൈ ആഴ്‌വാർ വെങ്കല വിഗ്രഹമാണ് 67 വർഷങ്ങൾക്ക് മുൻപ് മോഷണം പോയത്. കോടികൾ വിലവരുന്ന ഈ വിഗ്രഹം തിരിച്ചു പിടിക്കാൻ 2020ലാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. ഒരു മാസത്തിനകം വിഗ്രഹം തിരിച്ചെത്തിക്കും.
തഞ്ചാവൂർ ജില്ലയിലെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950-നും 1967-നുമിടയിൽ മോഷണം പോയ നാല് വിഗ്രഹങ്ങളിലൊന്നാണ് ഇതെന്ന് കടത്തൽ കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം പറഞ്ഞു. ഓക്സ്ഫോർഡിലെ അഷ്മൊലിൻ മ്യൂസിയത്തിൽ 1967-ൽ വിഗ്രഹം കണ്ടെത്തിയെന്നാണ് രേഖകൾ.
2020-ലാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. ഈ വിഗ്രഹത്തിനൊപ്പം കാണാതായ മറ്റ് മൂന്ന് വിഗ്രഹങ്ങൾ വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് സംഘം അനധികൃതമായി വിറ്റതായി കണ്ടെത്തിയിരുന്നു. മോഷണം സംബന്ധിച് തെളിവുകൾ സർവകലാശാലയ്‌ക്ക് പൊലീസ് കൈമാറിയിരുന്നു. തുടർന്ന് ലണ്ടനിൽ നിന്നുള്ള വിദഗ്ധസംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് പ്രതിമ ഇന്ത്യക്ക് വിട്ടുനൽകാനുള്ള അപ്പീൽ അംഗീകരിച്ചത്. ഒരു മാസത്തിനകം വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും സർവകലാശാല വഹിക്കും.
ക്ഷേത്രത്തിൽ നിന്ന് മേഷണം പോയ കാളിങ്ക നർത്തനായ കൃഷ്ണ, വിഷ്ണു, ശ്രീദേവി വിഗ്രഹങ്ങളും അമേരിക്കയിലെ വിവിധ മ്യൂസിയങ്ങളിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Post Your Comments