തളിപ്പറമ്പ്: സ്വന്തം ചരമപരസ്യം പത്രങ്ങള്‍ക്കു നല്‍കിയശേഷം ഒളിവിലായിരുന്ന ജോസഫിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അച്ഛനോടെന്ന പോലെ വാത്സല്യമായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നലാണ് ജോസഫിനെ കൊണ്ട് ഇത്തരത്തില്‍ ചെയ്യിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തളിപ്പറമ്പ് കുറ്റിക്കോലിലെ മേലുക്കുന്നേല്‍ ജോസഫ്(74) ഒടുവില്‍ കുടുംബത്തോടൊപ്പം പോയി. ഒളിവില്‍ക്കഴിയുമ്പോള്‍ കോട്ടയത്തെ ലോഡ്ജില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു വൈദ്യപരിശോധനയ്ക്കു ശേഷം കോട്ടയം പോലീസ് തളിപ്പറമ്പ് പോലീസിന് കൈമാറി. ബുധനാഴ്ച പുലര്‍ച്ചെ അന്വേഷണോദ്യോഗസ്ഥരോടൊന്നിച്ചാണ് തളിപ്പറമ്പിലെത്തിയത്.
പോലീസ് സ്റ്റേഷനിലെത്തും മുമ്പ് വീട്ടുകാരെ കണ്ടു. നാടുവിട്ട വിഷമം സ്വന്തക്കാരോടും കുടുംബത്തോടും പറഞ്ഞുതീര്‍ത്ത ജോസഫിനെ അന്വേഷണോദ്യോഗസ്ഥര്‍ മജിസ്‌ട്രേട്ടിനുമുന്നില്‍ ഹാജരാക്കി. ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ ഗ്രാമീണ ന്യായാലയത്തിലാണ് ഹാജരാക്കിയത്. സ്വന്തം ഇഷ്ടത്തിനുപോകാന്‍ കോടതി ഉത്തരവായി. ഭാര്യയോടും മക്കളോടുമൊപ്പവുമായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ യാത്ര.
വൈകുന്നേരത്തോടെ തളിപ്പറമ്പിലെത്തി ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലുമായി തന്റെ ‘ഒളിവുജീവിതം’ പങ്കുവെച്ചു. രണ്ടുവര്‍ഷത്തോളമായി അനുഭവിക്കുന്ന ചെവിവേദനയും കാന്‍സര്‍ രോഗിയാണെന്ന തോന്നലുമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചതെന്ന് ജോസഫ് പറഞ്ഞു. പയ്യന്നൂരിലെ താമസവും ട്രെയിനില്‍ കയറി കോട്ടയത്തേക്ക് പോയതും പോലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. തന്നെക്കുറിച്ചു വന്ന വാര്‍ത്തകളൊന്നുമറിയാതെയാണ് യാത്രചെയ്തതെന്നും പോലീസിനോടു പറഞ്ഞു.
ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ വന്നുകാണാന്‍ ഡിവൈ.എസ്.പി. നിര്‍ദേശിച്ചു. തളിപ്പറമ്പില്‍നിന്നു ചെറുപുഴ കോഴിച്ചാലുള്ള മകളുടെ വീട്ടിലേക്കായിരുന്നു പിന്നീട് യാത്ര. ഇനി പുറത്തിറങ്ങുമ്പോള്‍ വീട്ടുകാരെക്കൂട്ടി മാത്രമേ പോകാവൂവെന്ന പോലീസിന്റെ നിര്‍ദേശം സ്വീകരിച്ചാണ് ജോസഫ് കുടുംബക്കാരോടൊപ്പം മടങ്ങിയത്.
Post Your Comments