ന്യൂഡല്‍ഹി: ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനോടുള്ള അഭിപ്രായമാരാഞ്ഞ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനോടുള്ള അഭിപ്രായമാണ് നിയമ കമ്മീഷനോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തേടിയത്. ഉത്തരേന്ത്യയില്‍ ഹിന്ദുക്കള്‍ കുറവാണെന്നും അതുകൊണ്ട് തന്നെ ഇവിടെയുള്ള ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നുമുള്ള ആവശ്യത്തെ തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന്‍ അഭിപ്രായം തേടിയത്.
2011ലെ സെന്‍സസ് പ്രകാരം മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും ഹിന്ദു വിഭാഗക്കാര്‍ വളരെ കുറവാണ്, ഇതിനെ തുടര്‍ന്ന് ഹിന്ദുവിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കി നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണെന്നും സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു. ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ന്യൂനപക്ഷ കമ്മീഷന് മുന്നില്‍ ഉന്നയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments