ദോഹ: 2022 ലോകകപ്പ് ഫുട്ബോളിനായി ദോഹയിൽ നിർമിക്കുന്ന റാസ് അബു അബൂദ് സ്റ്റേഡിയം ചരിത്രം കുറിക്കാനൊരുങ്ങുന്നു. പൂർണമായും മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാവുന്ന സ്റ്റേഡിയമാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി റാസ് അബു അബൂദിൽ നിർമിക്കുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ നിർമാണം 2020ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മോഡുലാർ ബിൽഡിങ് ബ്ലോക്കുകൾ ഉപയോഗിച്ചാണു സ്റ്റേഡിയം നിർമ്മിക്കുന്നത്. ഫെൻവിക്ക് ഇറിബാരൻ ആർക്കിടെക്ട്സാണ്(എഫ്ഐ–എ) ഈ സ്റ്റേഡിയം രൂപകൽപന ചെയ്തിട്ടുള്ളത്.
ലോകത്തെ മുഴുവൻ സ്റ്റേഡിയം നിർമാതാക്കൾക്കും പ്രചോദനം നൽകാൻ റാസ് അബു അബൂദ് സ്റ്റേഡിയത്തിന്റെ രൂപകൽപനയിലൂടെ കഴിയുമെന്ന് എഫ്ഐ–എ സീനിയർ പാർട്നറും ആർക്കിടെക്ടുമായ മാർക്ക് ഫെൻവിക്ക് വ്യക്തമാക്കി. 2022 ലെ ലോകകപ്പ് ഫുട്ബോളിനു ശേഷം സ്റ്റേഡിയം നിൽക്കുന്ന സ്ഥലം പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള വിശാലമായ പാർക്കായി രൂപാന്തരപ്പെടും. സ്റ്റേഡിയം പൊളിച്ചുമാറ്റി നിർമാണ സാമഗ്രികൾ കണ്ടെയ്നറുകളിലാക്കി എവിടേക്കു വേണമെങ്കിലും എത്തിച്ച് മറ്റ് രാജ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.
Post Your Comments