ദോഹ: ഖത്തര്‍ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 8.30ന് ആരംഭിക്കുന്ന മത്സരത്തിൽ പോർച്ചുഗലിന് തെക്കൻ കൊറിയയാണ് എതിരാളികൾ. പ്രീ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുന്ന ഘാനയ്ക്ക് ഉറുഗ്വൊയാണ് എതിരാളികൾ. ഗ്രൂപ്പ് ജിയിൽ ബ്രസീൽ കാമറൂണിനെയും സ്വിറ്റ്സർലൻഡ് സെർബിയയെയും നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 12.30നാണ്.
ഗ്രൂപ്പ് ജിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ടീമാണ് ബ്രസീല്‍. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്‌സര്‍ലന്‍ഡിനെ 1-0നും ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്‍റുമായി ബ്രസീല്‍ തന്നെയാണ് ജി ഗ്രൂപ്പില്‍ തലപ്പത്ത്. കാമറൂണിനെതിരെ ഇന്ന് ജയിച്ചാല്‍ സമ്പൂര്‍ണ ജയവുമായി ബ്രസീലിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം.
ഒരു ജയവുമായി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടും ഒരു സമനില വീതമായി കാമറൂണും സെര്‍ബിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു. അതേസമയം, ഗ്രൂപ്പ് എച്ചില്‍ രണ്ട് ജയവുമായി പോര്‍ച്ചുഗല്‍ തലപ്പത്താണ്. ഒരു ജയമുള്ള ഘാന രണ്ടാമത് നില്‍ക്കുന്നു. ദക്ഷിണ കൊറിയക്കും ഉറുഗ്വെയ്ക്കും ഓരോ സമനില വീതം മാത്രമേയുള്ളൂ.
ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങി ബെല്‍ജിയം പ്രീ ക്വാർട്ടർ കാണാതെ പുറത്ത്. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്‍റുമായി ക്രൊയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അവസാന മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മൊറോക്കോ ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.
Read Also:- വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ സാന്നിധ്യം: എന്‍ഐഎ: പോപ്പുലര്‍ ഫ്രണ്ട്കാര്‍ നിരീക്ഷണത്തില്‍
അതേസമയം,ഗ്രൂപ്പ് ഇയിൽ ശക്തരായ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോൾ കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്‍റെ കരുത്തില്‍ സ്പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.
Post Your Comments