മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഴ്‌സിന്റെ അംഗീകാരം. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. മൂവരും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, ഭരണസമിതിയിലെ അംഗം ഡയാന എഡുല്‍ജി, ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഒരു കോടി വേതനമുണ്ടായിരുന്ന ഗ്രേഡ് എയിലെ താരങ്ങള്‍ക്ക് ഇനി മുതല്‍ രണ്ടു കോടി രൂപ ലഭിക്കും.
ഗ്രേഡ് ബിയിലെ കളിക്കാര്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സിയിലെ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് ഇനി ഇനി മുതലുള്ള ശമ്പളം. കൂടാതെ ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപ വീതവും ഏകദിനത്തിന് ആറു ലക്ഷം രൂപ വീതവും ട്വന്റി-20യ്ക്ക് മൂന്നു ലക്ഷം രൂപ വീതവും ഫസ്റ്റ് ഇലവനിലെ താരങ്ങള്‍ക്ക് ലഭിക്കും. ഫസ്റ്റ് ഇലവനില്‍ ഇടം പിടിക്കാത്ത ടീമിലുള്ള താരങ്ങള്‍ക്ക് ഇതിന്റെ പകുതിയാണ് ശമ്പളം. നേരത്തെ മുന്‍പരിശീലകന്‍ അനില്‍ കുംബ്ലെ ഗ്രേഡ് എ താരങ്ങള്‍ക്ക് അഞ്ചു കോടി രൂപ വേതനം നല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
കളിക്കാരുടെ ആവശ്യത്തിന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഴ്‌സ് അംഗീകാരം നല്‍കിയെങ്കിലും ബി.സി.സി.ഐയുടെ പൊതുയോഗത്തിലാണ് അന്തിമതീരുമാനമുണ്ടാകുക. പുതിയ ടെലിവിഷന്‍ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ബിസിസിഐയും സ്റ്റാര്‍ ഗ്രൂപ്പും തമ്മില്‍ ഭീമമായ തുകക്ക് കരാറായിരുന്നു. 250 കോടി ഡോളറാണ് ഇതുവഴി ബോര്‍ഡിനു ലഭിക്കുക. ക്രിക്കറ്റ് വിറ്റ് ബിസിസിഐ സാമ്പത്തിക നേട്ടം കൊയ്യുമ്പോള്‍ അതിന്റെ നേട്ടം താരങ്ങള്‍ക്കു കൂടി ലഭിക്കണമെന്നാണ് കൊഹ്‌ലിയുടെ ആവശ്യം. ബിസിസിഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്റ്റംബര്‍ 30 ന് അവസാനിച്ചിരുന്നു.
ലോകത്തിലെ ഏറ്റവുമധികം വരുമാനമുളള ക്രിക്കറ്റ് സംഘടനയാണ് ബിസിസിഐ. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ബിസിസിഐയുടെ സംഭാവനയാണ്. നിലവില്‍ കളിക്കാര്‍ക്ക് വരുമാനം നല്‍കുന്നതില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും സൗത്ത് ആഫ്രിയ്ക്കും പിന്നിലാണ് ഇന്ത്യ. നേരത്തെ മത്സരക്രമങ്ങളിലെ അപാകതയെചൊല്ലി ബിസിസിഐയേ വിമര്‍ശ്ശിച്ച് കൊഹ്‌ലി രംഗത്തെത്തിയിരുന്നു. ഇതിനേത്തുടര്‍ന്ന് ഇന്ത്യന്‍ നായകന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.”
Post Your Comments