Latest NewsKeralaNews

കടലില്‍ കുടുങ്ങിപ്പോയവരില്‍ 150 ഓളം പേരെ രക്ഷപ്പെടുത്തി; നിർണായക പങ്കു വഹിച്ച് ജപ്പാന്‍ കപ്പല്‍

തിരുവനന്തപുരം: കടലില്‍ കുടുങ്ങിപ്പോയവരില്‍ 150 ഓളം പേരെ രക്ഷപ്പെടുത്തി. നിർണായക പങ്കു വഹിച്ച് ജപ്പാന്‍ കപ്പല്‍. 60 പേരെയാണ് ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം തീരത്ത് ഇവരെ വൈകിട്ടോടെ എത്തിക്കും. ഇനിയും 20 മുതല്‍ 40 പേര്‍ വരെ കടലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഔദ്യോഗിക വിവരം.

രക്ഷപ്പെട്ടവരില്‍ ഏറെയും 48 മണിക്കൂറില്‍ ഏറെയായി കടലില്‍ പെട്ടുപോയവരാണ്. ഇവരില്‍ പലരുടേയും ആരോഗ്യനില മോശമാണ്. പലരും കടലിലെ ശക്തമായ കാറ്റും തണുപ്പും ഏറ്റ് മരവിച്ച അവസ്ഥയിലാണ്. ഇവരെ ആല്‍ബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. പ്രത്യേക വാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുറന്നിട്ടുണ്ട്. പൂന്തുറ സ്വദേശി മൈക്കിളിന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം തിരുവനന്തപുരം ജില്ല കലക്ടര്‍ വാസുകിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇപ്പോഴും കടല്‍ ക്ഷോഭിച്ച അവസ്ഥയിലാണ്. പക്ഷെ കാറ്റിന്റെ ശക്തി കുറഞ്ഞും കാഴ്ച തടസ്സപ്പെടാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തുണയായി. വ്യോമസേന വിമാനങ്ങളില്‍ നിരീക്ഷണം നടത്തി ആളുകളെ കണ്ടെത്തിയശേഷം കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

 

കടലില്‍ പലരേയും രാവിലെ മുതല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ തങ്ങളുടെ ജീവിതമാര്‍ഗമായ വള്ളങ്ങള്‍ ഉപേക്ഷിച്ച്‌ വരാന്‍ തയ്യാറാകാതെ വന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. കൂടുതല്‍ സമയം കടലില്‍ കിടന്നതോടെ പലരുടേയും ആരോഗ്യനില മോശമായി. ഇതോടെ പലരും അധികൃതരുടെ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായി.

അതേസമയം, പ്രദേശവാസികള്‍ രക്ഷപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറാത്തതില്‍ പ്രതിഷേധത്തിലാണ്. ഔദ്യോഗികമായി തന്നെ ആശുപത്രികളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button