തിരുവനന്തപുരം: വന്‍ അഴിച്ചുപണി നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുന്‍കാല ബോര്‍ഡിന്റെ അഴിമതി അന്വേഷിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. അഴിച്ചുപണിയുടെ ഭാഗമായി മുന്‍ ബോര്‍ഡ് അംഗം അജയ് തറയിലിന്റെ പ്രൈവറ്റ് സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ ബോര്‍ഡ് ആ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. അജയ് തറയിലിന്റെ പിഎ ആയിരുന്ന കൃഷ്ണകുമാര്‍ വാര്യര്‍ക്കാണ് ആ സ്ഥാനം നഷ്ടമായത്.
ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് കൃഷ്ണകുമാറിനെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. ഒരേസമയം രണ്ട് പദവികളായിരുന്നു കൃഷ്ണകുമാര്‍ കൈകാര്യം ചെയ്തിരുന്നത്. കമ്മീഷൻ ഓഫീസിലെ എസ്റ്റാബ്ലിഷ്‌മെന്റ് തസ്തികയില്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നതും കൃഷ്ണകുമാറായിരുന്നു. തിരുവല്ലം ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നേരിട്ടിരുന്ന കൃഷ്ണകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി അജയ് തറയില്‍ അന്ന് നിയമിച്ചത് വന്‍ വിവാദമായിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനം കമ്മിഷന്‍ ഓഫീസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികള്‍, ബോര്‍ഡ് ആസ്ഥാനത്തെ അസിസ്റ്റന്റ് സെക്രട്ടറിമാരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ചിലരെ മറ്റു വിഭാഗത്തിലേക്ക് മാറ്റാനും മറ്റു ചിലരെ സ്ഥാനത്തുനിന്നും മാറ്റാനുമാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തുവരും.
Post Your Comments