കൊട്ടക്കാമ്പൂര്‍ : കൊട്ടക്കാമ്പൂരില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് ഭുമി കയ്യേറ്റത്തിന് കൂട്ടുനിന്നത് ഒരു ഡസനിലധികം റവന്യു ഉദ്യോഗസ്ഥര്‍ . വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2014ല്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തെങ്കിലും ഇത് എങ്ങും എത്തിയില്ല.
മുന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റത്തിലെ റവന്യു ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്നത്. 2014 ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓരോ ഉദ്യോഗസ്ഥരുടെയും പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്.
അക്കാലയളവില്‍ കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫിസര്‍ ആയിരുന്ന ടി.ജനാര്‍ദനനാണ് ഇവരില്‍ പ്രമുഖന്‍. ജോയിസ് ജോര്‍ജ് എം.പിക്കു വേണ്ടി 28 ഏക്കര്‍ ഭൂമിയുടെ മഹസറും സ്‌കെച്ചും 24 മണിക്കൂറിനുളളില്‍ തയ്യാറാക്കിയത് ഇയാളാണ്. അനുകൂല രേഖകള്‍ തയ്യാറാക്കാന്‍ 17 ദിവസത്തേയ്ക്ക് ഇയാളെ നിയമിക്കുകയായിരുന്നു.
രജിസ്റ്ററും ഭൂപതിപ്പ് രേഖകളും നീക്കുന്നതിനായി രണ്ടു തവണ ജനാര്‍ദനനെ തഹസില്‍ദാറായി നിയമിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂപതിപ്പ് രേഖകള്‍ അട്ടിമറിച്ച് നടത്തിയ സ്ഥലം ഇടപാടില്‍ വില്ലേജ് ഓഫിസര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഭൂമി ഇടപാടില്‍ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടെങ്കിലും മൂന്നവര്‍ഷം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നടപടി കയ്യേറ്റക്കാര്‍ക്കു മാത്രമായി ചുരുക്കിയതായാണ് ആക്ഷേപം.
Post Your Comments