നാഗ്‌പൂർ : ശ്രീലങ്കയെ 239 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പയില്‍ മുന്നിലെത്തി. കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 166 റണ്‍സിന് ഓള്‍ഔട്ടായി. മത്സരം ഒരു ദിവസം ബാക്കി നില്‍ക്കേയാണ് ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയം നേടിയത്.61 റണ്‍സ് നേടിയ നായകന്‍ ദിനേശ് ചാണ്ഡിമല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്. 31 റണ്‍സോടെ സുരങ്ക ലക്മല്‍ പുറത്താകാതെ നിന്നു.
അശ്വിന്‍ നാലും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് എന്ന റിക്കോര്‍ഡും അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചു.
21/1 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ലങ്കയ്ക്ക് ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഏഴ് വിക്കറ്റുകള്‍ കൂടി നഷ്ടമായി. എട്ട് വിക്കറ്റ് വീണതോടെ ഉച്ചഭക്ഷണം 15 മിനിറ്റ് കൂടി നീട്ടിവച്ചെങ്കിലും ലക്മലും ചാണ്ഡിമലും പിടിച്ചു നിന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിന്നാലെ ലങ്ക ഓള്‍ ഔട്ടാവുകയും ചെയ്തു. നാലാം ദിനം പവലിയനിലേക്ക് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. തിരിമാനെ (23), ആഞ്ചലോ മാത്യൂസ് (10), ഡിക് വെല്ല (4), കരുണരത്‌നെ (18) എന്നിവരെല്ലാം പരാജയമായി.
Post Your Comments