തിരുവനന്തപുരം : ഭക്ഷണസാധനങ്ങളില്‍ ‘ പ്രകൃതിദത്ത’ മെന്നും ‘പരമ്പരാഗത’മെന്നും ‘പുതിയ’തെന്നും അവകാശപ്പെട്ട്് ഉപഭോക്താക്കളെ പറ്റിക്കുന്ന പണി ഇനി നടപ്പില്ല. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളില്‍ ഈ വാചകങ്ങള്‍ ഉപയോഗിക്കുന്നതിന് കേന്ദ്രഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടി നിയന്ത്രണം ഏര്‍പ്പെടുത്തി.
പരസ്യംവഴി ഉപഭോക്താക്കള്‍ വ്യാപകമായി വഞ്ചിക്കപ്പെടുന്നുണ്ടെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് നടപടി. ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇതിനായി ഭേദഗതിവരുത്തും. ഭേദഗതിയുടെ കരട് തയ്യാറായിക്കഴിഞ്ഞു. ഭേദഗതിപ്രകാരം പുതിയത് (ഫ്രഷ്) എന്നുപയോഗിക്കണമെങ്കില്‍ ആ ഭക്ഷ്യവസ്തു ഏതെങ്കിലും തരത്തില്‍ സംസ്‌കരിക്കപ്പെട്ടതാവരുത്. കഴുകല്‍, തൊലികളയല്‍, തണുപ്പിക്കല്‍, മുറിക്കല്‍ എന്നിവമാത്രമേ ചെയ്യാവൂ. അടിസ്ഥാനസ്വഭാവത്തില്‍ ഇതില്‍ക്കൂടുതല്‍ മാറ്റം വന്ന ഭക്ഷ്യവസ്തുവിനെ പുതിയത് എന്ന് വിശേഷിപ്പിക്കാനാവില്ല. സൂക്ഷിക്കുമ്പോഴും പലഘട്ടമായി വിതരണം ചെയ്യപ്പെടുമ്പോഴും പുതുമ നഷ്ടപ്പെടാനും പാടില്ല.
‘പ്രകൃതിദത്തം’ എന്ന വാക്ക് ഉപയോഗിക്കണമെങ്കില്‍ ആ ഭക്ഷ്യവസ്തു ഒരു ചെടിയില്‍നിന്നോ മരത്തില്‍നിന്നോ ജീവിയില്‍നിന്നോ സൂക്ഷ്മ ജീവികളില്‍നിന്നോ ധാതുക്കളില്‍ നിന്നോ ഉത്പാദിപ്പിക്കുന്നതായിരിക്കണം. പുറത്തുനിന്ന് മറ്റൊരു ഘടകവും ഇതില്‍ ചേര്‍ക്കരുത്. രാസവസ്തു ഉപയോഗിക്കാതെ പുകച്ചതോ വറുത്തതോ പുഴുങ്ങിയതോ ആവിയില്‍ വേവിച്ചതോ പുളിപ്പിച്ചതോ ആവാം. പാക്ക് ചെയ്യുമ്പോള്‍ ഒരുതരത്തിലുമുള്ള രാസവസ്തുക്കളും ഉപയോഗിച്ചുകൂടാ. വിവിധ ഭക്ഷ്യവസ്തുക്കളുടെ മിശ്രിതത്തെയും പ്രകൃതിദത്തം എന്ന് വിശേഷിപ്പിക്കാനാവില്ല. ‘പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത’ എന്ന് വിശേഷണത്തിനും കരട് വിജ്ഞാപനപ്രകാരം നിയന്ത്രണമുണ്ട്. പരമ്പരാഗതം എന്ന് വിശേഷിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ പല തലമുറയിലൂടെ കടന്നുവന്ന് ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നതായിരിക്കണം. അതിലെ പ്രധാന ഘടകങ്ങള്‍ക്ക് പകരം മറ്റൊന്നും ഉപയോഗിച്ചുകൂടാ. ആദ്യകാലത്ത് നിര്‍മിച്ചിരുന്ന രീതിയില്‍ത്തന്നെ നിര്‍മിച്ചതായിരിക്കണം.
Post Your Comments