ലണ്ടന്‍ : ഐഎസ് അടിമയായുള്ള തന്റെ ദുരിത ജീവിത കഥ ലണ്ടനില്‍ മാധ്യമങ്ങളുമായി പങ്കുവെച്ച് നാദിയ മുറാദെന്ന 24 കാരി. 2016ല്‍ മനുഷ്യക്കടത്തിന് വിധേയരായി രക്ഷപ്പെട്ടവരുടെ യുഎന്‍ ഗുഡ് വില്‍ അംബസഡറായിരുന്നു നാദിയ. ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ലൈംഗിക അടിമയെന്നാണ് ലോകം ഇവരെ വിശേഷിപ്പിക്കുന്നത്. ‘ദി ലാസ്റ്റ് ഗേൾ‘ എന്ന് പേരിട്ടിരിക്കുന്ന ബുക്കിലാണ് ഐ.എസ് ഭീകരരുടെ ക്രൂരതകൾ നാദിയ വിവരിക്കുന്നത്.
വടക്കന്‍ ഇറാഖിലെ കോച്ചോ എന്ന ദരിദ്രഗ്രാമത്തിലായിരുന്നു നാദിയ താമസിച്ചിരുന്നത്. 2014ൽ ഗ്രാമത്തിലെത്തി ഐ.എസ് ഭീകരർ പുരുഷന്‍മാരെയെല്ലാം ഭീകരർ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ നാദിയയുടെ സഹോദരന്‍മാരായിരുന്നു.ബാക്കിയുള്ളവരെ വലിച്ചിഴച്ച് ഒരു ബസിലിട്ടാണ് ഭീകരർ കൊണ്ടുപോയത്. നാദിയയുടെ കണ്മുന്നിൽ വച്ചാണ് അമ്മയെ വെടിവെച്ചു കൊന്നത്. വയസ്സായ മറ്റൊരു സ്ത്രീയെ തീയിട്ടു കൊന്നു.ചെറിയ പെണ്‍കുട്ടികളെ മൊസൂളിലെ ഒരു ധനിക കുടുംബത്തിലേക്കാണ് കൊണ്ടു പോയത്. അവിടെ വെച്ച് ഒരാള്‍ ഉദരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു.
ഒരിക്കല്‍ ഒരു ഐഎസ് തീവ്രവാദി പൂട്ടാൻ കഴിയാത്ത മുറിക്കുള്ളില്‍ തന്നെ ഒറ്റയ്ക്കാക്കി പോയി. ആ സമയം വാതില്‍ തുറന്ന് മതില്‍ ചാടിക്കടന്നാണ് രക്ഷപ്പെടുന്നത്. അവിടെ നിന്നും ഓടി രക്ഷപെട്ട് പരിചയമില്ലാത്ത ഒരു വീട്ടില്‍ കയറി നാദിയ സഹായത്തിനഭ്യര്‍ഥിച്ചു. ആ വീട്ടുകാരാണ് നാദിയയെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്. പിന്നീട് 2015ല്‍ ജര്‍മ്മനിയിൽ അഭയാര്‍ഥിയായി. മൊസൂളിലെ 20 ലക്ഷം പേരില്‍ 2000 ഓളം പേരെ ഐഎസ് തട്ടികൊണ്ടു വന്നതാണെന്നും നാദിയ വ്യക്തമാക്കുന്നു.
Post Your Comments