കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച് കേസുകളില്‍ ഒന്നായിരുന്നു യുവനടിയെ ആക്രമിച്ച കേസ്. കേസിലെ മുഖ്യപ്രതിയായിരുന്ന പള്‍സര്‍ സുനിയുടെ അറസ്റ്റോടെ കേസില്‍ പല വഴിയ്ക്കും വഴിത്തിരിവ് ഉണ്ടായി. മാത്രമല്ല കേസില്‍ നിര്‍ണായകമാകുന്ന പല തെളിവുകളും നശിപ്പിക്കപ്പെട്ടതു വിചാരണവേളയില്‍ പ്രൊസിക്യൂഷനു വെല്ലുവിളിയാകും. നശിപ്പിക്കപ്പെട്ടവയെല്ലാം ഡിജിറ്റല്‍ തെളിവുകളെക്കുറിച്ചു കുറ്റപത്രത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട നിര്‍ണായക തെളിവുകള്‍:
ദൃശ്യം പകര്‍ത്തിയ ഫോണ്‍
നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. കുറ്റപത്രത്തില്‍ പറയുന്നതു പ്രകാരം, ഈ മൊബൈല്‍ ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് ഒന്നാം പ്രതി സുനില്‍കുമാര്‍ കൈമാറിയതു കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസം രാവിലെയാണ്. വസ്ത്രമടങ്ങിയ ബാഗിനൊപ്പമാണ്, മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ കൈമാറിയത്. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോ ജൂനിയറായ രാജു ജോസഫിനെ ഏല്‍പിച്ചു.
നാലര മാസത്തോളം കൈവശം വച്ചശേഷം രാജു ഇവ നശിപ്പിച്ചെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ഫോണും മെമ്മറി കാര്‍ഡും റോഡരികില്‍ ഉപേക്ഷിച്ചെന്നും കായലില്‍ ഉപേക്ഷിച്ചെന്നുമുള്ള പല കഥകള്‍ മെനഞ്ഞ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഒന്നാം പ്രതി അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. മെമ്മറി കാര്‍ഡില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ചെങ്കിലും യഥാര്‍ഥ മെമ്മറി കാര്‍ഡും ഫോണും കണ്ടെടുക്കാനാകാത്തതു ദോഷകരമായി ബാധിച്ചേക്കാം.
മാര്‍ട്ടിന്റെ സിംകാര്‍ഡ്
രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണിലെ സിംകാര്‍ഡും നശിപ്പിക്കപ്പെട്ടു. നടിയെ ഉപദ്രവിച്ചവര്‍ തന്റെ സിം കാര്‍ഡ് ഊരിയെടുത്തെന്നായിരുന്നു രണ്ടാം പ്രതിയും നടിയുടെ കാറിന്റെ ഡ്രൈവറുമായ മാര്‍ട്ടിന്റെ നിലപാട്. എന്നാല്‍, കുറ്റകൃത്യത്തില്‍ തന്റെ പങ്ക് പുറത്താകുമെന്ന ഘട്ടത്തില്‍ സിം കാര്‍ഡ് മാര്‍ട്ടിന്‍ നശിപ്പിച്ചുവെന്നു കുറ്റപത്രത്തില്‍ പറയുന്നു. പടമുഗളിലെ ലാല്‍ ക്രിയേഷന്‍സിന്റെ ഡ്രൈവേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ശുചിമുറിയാണ് ഇതിനായി തിരഞ്ഞെടുത്തത്. സിം കാര്‍ഡ് ക്ലോസറ്റില്‍ ഇട്ടശേഷം ഫ്‌ളഷ് ചെയ്യുകയായിരുന്നു. തൃശൂരില്‍നിന്നു നടിയുമായി കൊച്ചിയിലേക്കുള്ള യാത്രയില്‍ മാര്‍ട്ടിനെ സുനില്‍ വിളിച്ചതും സന്ദേശങ്ങളയച്ചതും ഈ സിം കാര്‍ഡിലേക്കായിരുന്നു.
സുനിലിന്റെ ശബ്ദരേഖ
മാപ്പുസാക്ഷിയായ പൊലീസുകാരന്‍ പി.കെ.അനീഷിന്റെ ഫോണിലെ ശബ്ദരേഖ നശിപ്പിക്കപ്പെട്ട പ്രധാന തെളിവുകളില്‍ ഒന്നാണ്. ഒന്നാം പ്രതി ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ സുരക്ഷാച്ചുമതല അനീഷിനുണ്ടായിരുന്നു. മാര്‍ച്ച് മൂന്നിനു ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്യാനായി തന്റെ ഫോണ്‍ അനീഷ് സുനില്‍കുമാറിനു നല്‍കി. ഈ ഫോണില്‍ എട്ടാംപ്രതി ദിലീപിനുള്ള ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്ത സുനില്‍കുമാര്‍ ഇത് അനീഷിനെ കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. സുനില്‍കുമാറിനു വേണ്ടി ഈ ശബ്ദരേഖ ദിലീപിന് എത്തിച്ചുകൊടുക്കാന്‍ ശ്രമം നടത്തി. ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് പൊലീസുകാരനായ അനീഷ് തന്നെ നശിപ്പിച്ചുകളഞ്ഞെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചനയില്‍ സുനില്‍കുമാറിനെയും ദിലീപിനെയും ബന്ധപ്പെടുത്തുന്ന വിലപ്പെട്ട തെളിവുകളിലൊന്നാണ് ഇല്ലാതായത്. ഇതാണ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പൊലീസിന് ഏറ്റവും തലവേദനയായതും.
Post Your Comments