Latest NewsKeralaNews

കര്‍ശന വ്യവസ്ഥകളോടെ ജാമ്യം: ഏഴര വര്‍ഷത്തിന് ശേഷം പള്‍സര്‍ സുനി ജയിലിന് പുറത്തേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, രണ്ട് ആള്‍ജാമ്യം വേണം, ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നിവയാണു ജാമ്യ വ്യവസ്ഥകള്‍.

Read Also: ബംഗ്ലാദേശ് സ്വദേശിനിയായ 20കാരിയെ 20 പേര്‍ക്ക് കാഴ്ചവെച്ചു: കൊച്ചിയില്‍ സെക്‌സ് റാക്കറ്റ് പിടിയില്‍

ജാമ്യവ്യവസ്ഥയില്‍ എന്തൊക്കെ ഉള്‍പ്പെടുത്താമെന്നു വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം തീരുമാനിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതി ഉത്തരവ് ഇന്നലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.

സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വിചാരണ അനന്തമായി നീണ്ടുപോകുന്നതും അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസം വിസ്തരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അടുത്തൊന്നും വിചാരണ തീരാന്‍ സാധ്യതയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

2017 ഫെബ്രുവരി 17നാണു നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച് നിര്‍ത്തുകയും പള്‍സര്‍ സുനിയും സംഘവും കാറിനുള്ളില്‍ കയറി നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അന്നുതന്നെ അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനിയും സുഹൃത്തായ വിജീഷും സംഭവത്തിനുശേഷം ഒളിവില്‍ പോയി.

ഒരാഴ്ചയ്ക്കു ശേഷം പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോള്‍ പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 10ന് സുനിയെയും വിജീഷിനെയും റിമാന്‍ഡ് ചെയ്തു. ഇടയ്ക്ക് പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഏതാനും മണിക്കൂറുകള്‍ ഇളവ് അനുവദിച്ചത് ഒഴിച്ചാല്‍ അന്നു മുതല്‍ പള്‍സര്‍ സുനി ജയിലിലാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button