Latest NewsKeralaNews

ഉപരാഷ്ട്രപതിയുടെ പ്രഭാത സവാരിയെ അനുഗമിച്ച് മഫ്തി പോലീസ്

കൊച്ചി: യൂണിഫോമിലെ പോലീസിനെ ഒഴിവാക്കി ഉപരാഷ്ട്രപതിയുടെ നടത്തവും യോഗയും . രാവിലെ നടക്കാന്‍ പോകണമെന്ന് ചൊവ്വാഴ്ച രാത്രിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞപ്പോള്‍ സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് ഞെട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ നിബന്ധനയാണ് ഞെട്ടിച്ചത്. ‘പോലീസുകാരൊന്നും വേണ്ട’ എന്ന് പറഞ്ഞ അദ്ദേഹത്തെ ഒരുവിധത്തില്‍ കാര്യം പറഞ്ഞു മനസ്സിലാക്കി. അപ്പോള്‍ ഉപരാഷ്ട്രപതി അല്‍പ്പം അയഞ്ഞു. ‘ഏറ്റവും കുറച്ചു പോലീസുകാര്‍ മതി. യൂണിഫോമൊന്നും വേണ്ട. വരുന്നവര്‍ കൂടെ നടക്കണം’. കമ്മിഷണര്‍ക്ക് സമാധാനമായി.

പിന്നീട് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ നടന്ന ചടങ്ങില്‍ രാവിലത്തെ നടത്തം അദ്ദേഹം പറഞ്ഞു. ഉപ രാഷ്ട്രപതിയായ ഒരാള്‍ക്ക് മറ്റാര്‍ക്കും തടസ്സമുണ്ടാകാതെ സുഭാഷ് പാര്‍ക്കില്‍ നടക്കാന്‍ കഴിയുമെങ്കില്‍ ഇവിടെ കാര്യങ്ങളെല്ലാം നല്ലതാണെന്ന സൂചനയാണ് അതു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കായലിനോട് ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലം അതി മനോഹരമാണെന്നും കാലാവസ്ഥ കൊള്ളാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. നടപ്പുകാരായി സിവില്‍ വേഷത്തില്‍ ഏതാനും പോലീസുകാരെയും അണിനിരത്തി. സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകാത്തതിനാല്‍ പുറത്ത് അട്ടിമറി തടയല്‍ സേനയും ഉണ്ടായിരുന്നു. സുഭാഷ് പാര്‍ക്കിനുള്ളില്‍ മൂന്നു റൗണ്ട് നടന്ന ഉപ രാഷ്ട്രപതി ചില യോഗമുറകളും ചെയ്തു. പതിവു നടപ്പുകാര്‍ക്ക് ആദ്യം വി.വി.ഐ.പി.യെ മനസ്സിലായില്ല. പോലീസുകാര്‍ യൂണിഫോമിലല്ലായിരുന്നതിനാല്‍ ആര്‍ക്കും ഒരു പ്രത്യേകതയും തോന്നിയില്ല.

അല്‍പ്പം വൈകി മനസ്സിലാക്കിയവര്‍ ഓടിയെത്തി സെല്‍ഫിയെടുക്കാന്‍ അനുമതി തേടി. അദ്ദേഹം അനുവദിക്കുകയും ചെയ്തു. 40 മിനിറ്റോളം കഴിഞ്ഞാണ് മടങ്ങിയത്. ബുധനാഴ്ച രാവിലെ ആറരയ്ക്ക് എ.ഡി.ജി.പി. ബി. സന്ധ്യ, റേഞ്ച് ഐ.ജി. പി. വിജയന്‍ എന്നിവരും നടക്കാന്‍ തയ്യാറായി എത്തി. വണ്ടിയൊന്നും വേണ്ട, സുഭാഷ് പാര്‍ക്കിലേക്ക് നടന്നു പോകാമെന്നായി ഉപ രാഷ്ട്രപതി. അപ്പോഴും ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചു. കൊച്ചിയില്‍ നേരത്തെയും വന്നിട്ടുള്ള വെങ്കയ്യ നായിഡുവിന് ഈ സ്ഥലങ്ങളെല്ലാം സുപരിചിതമാണ്. സുഭാഷ് പാര്‍ക്കിലെ പതിവു നടപ്പുകാരെയൊന്നും തടയരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നേവി വിമാനത്താവളത്തില്‍ മടക്കയാത്രയ്ക്ക് ഒരുങ്ങുമ്ബോള്‍ യാത്രയയപ്പ് ടീമില്‍ രാവിലത്തെ നടപ്പുസംഘത്തിലുണ്ടായിരുന്ന കമ്മിഷണര്‍ എം.പി. ദിനേശ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സാധാരണക്കാരന്റെ മട്ടില്‍ നടപ്പൊരുക്കിയതിന് കമ്മിഷണര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞാണ് അദ്ദേഹം വിമാനത്തില്‍ കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button