കൊച്ചി: കേരളത്തെ പിടിച്ചുലച്ച നടിയെ ആക്രമിച്ച സംഭവത്തിന്റെ കുറ്റപത്രം ഇന്ന് ഉച്ചയോടെ പോലീസ് കോടതിയിൽ സമർപ്പിക്കും. ദിലീപിനെതിരായ കേസിൽ മുൻ ഭാര്യ നടി മഞ്ജു വാര്യർ പ്രധാന സാക്ഷിയാകും. സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികൾ ഉണ്ട്. നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി മാത്രമാണെന്നാണ് പോലീസിന്റെ വാദം. മഞ്ജുവിന്റെ വിവാഹ ബന്ധം തകർന്നതിനു കാരണമായ ഒരു പ്രധാന സംഭവം ആക്രമിക്കപ്പെട്ട നടി തെളിവ് ശേഖരിച്ചു മഞ്ജുവിന് എത്തിച്ചതിനെ തുടർന്നുള്ള വഴക്കുകൾ ആണ് വിവാഹ ബന്ധം തകർന്നത് എന്നും ഇതാണ് ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടാവാൻ കാരണമെന്നും പോലീസ് പറയുന്നു.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂര്‍ സിഐ ബൈജു പൗലോസ് കുറ്റപത്രം ഉച്ചയ്ക്കു മുൻപ് തന്നെ സമര്‍പ്പിക്കുമെന്നാണു വിവരം. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. ആക്രമണത്തിന് നേതൃത്വം നല്കിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.
ഗൂഢാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമാണു പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. അതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കുമെന്നാണു സൂചന. കേസിലെ സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ചു മൊഴി മാറ്റിക്കുന്നതായി ആരോപിച്ചാണു പ്രോസിക്യൂഷന് നീക്കം.
Post Your Comments