ജയ്പൂര്‍: പദ്മാവതി സിനിമ ഉള്‍പ്പെടെ ശക്തമായ ഹിന്ദുത്വവാദവുമായി എത്തുന്ന രാജസ്ഥാനില്‍ ഹിന്ദു ആത്മീയതയെക്കുറിച്ച് നടത്തുന്ന ആദ്ധ്യാത്മീക മേളയില്‍ ലൗ ജിഹാദിനെക്കുറിച്ച് വിവരിക്കാന്‍ ഉദാഹരണമായി എടുത്തിരിക്കുന്നത് ബോളിവുഡ് ദമ്പതികളായ സെയ്ഫ് അലി ഖാന്‍ – കരീനാകപൂര്‍ ജോഡികളുടെ വിവാഹം.
ഹിന്ദു സ്പിരിച്വാലിറ്റി ആന്റ് സര്‍വീസ് ഫൗണ്ടേഷന്‍ എന്ന സംഘടന സംഘടിപ്പിച്ചിരിക്കുന്ന മേളയില്‍ ബജ്‌റംഗദള്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിലാണ് ഇതുള്ളത്.
നടന്‍ സെയ്ഫ് അലിഖാന്‍ മുസ്‌ളീമായ ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് മറ്റൊരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. ലൗ ജിഹാദിലൂടെ വിവാഹം കഴിക്കുന്ന ഹിന്ദു സ്ത്രീകളെ മുസ്‌ളീം പുരുഷന്‍ വേശ്യാവൃത്തിയിലേക്കും ഭീകരതയിലേക്കും നയിക്കുകയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. മുസ്‌ളീങ്ങള്‍ ലൗ ജിഹാദിലൂടെ ഹിന്ദു സ്ത്രീകളെ മതം മാറ്റുന്ന പതിവിന് ആയിരത്തോളം വര്‍ഷത്തെ പഴക്കമുണ്ടെന്നും ഇത്തരം ലൗ ജിഹാദില്‍ നിന്നും സ്ത്രീകളെ എങ്ങിനെ രക്ഷിക്കാമെന്നും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഹിന്ദുവീടുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തിയാണ് മുസ്‌ളീം യുവാക്കള്‍ ലൗ ജിഹാദിന് തുടക്കമിടുന്നത്. മാതാപിതാക്കളെ മാതാജിയെന്നും പിതാജിയെന്നും വിളിച്ച് അടുപ്പം കുടുന്ന യുവാക്കള്‍ പിന്നീട് വീട്ടിലെ പെണ്‍കുട്ടിയുമായി പതിയെ പരിചയത്തിലും പിന്നീട് പ്രണയത്തിലുമാകും. ഒടുവില്‍ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്താല്‍ അവര്‍ ഒളിച്ചോടുകയും അതിന് ശേഷം ഇസ്‌ളാമതം സ്വീകരിക്കുകയും ചെയ്യുമെന്ന് പുസ്തകത്തിനൊപ്പം കരീന കപൂറിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള ലഘുലേഖയില്‍ പറയുന്നു. ഇപ്രകാരം വിവാഹം കഴിച്ചവര്‍ കുറേ നാളുകള്‍ക്ക് ശേഷം ആ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മറ്റൊരുവളുമായി പ്രണയത്തിലാകുമെന്നും പറയുന്നു.
അഞ്ചു രൂപ വിലയ്ക്ക് വില്‍പ്പന നടത്തുന്ന ബുക്ക്‌ലെറ്റില്‍ മുസ്‌ളീങ്ങളെ ഭീകരരെന്നും ദേശ വിരുദ്ധരെന്നും പാകിസ്ഥാന്‍ വാദികളെന്നും സ്ത്രീലമ്പടന്മാരെന്നും കള്ളക്കടത്തുകാരെന്നും മറ്റുമാണ് വിശേഷിപ്പിക്കുന്നത്. ലൗജിഹാദിന് ഇരകളായവരെ അതില്‍ നിന്നും രക്ഷപ്പെടുത്താന്‍ മന്ത്രതന്ത്രാദികള്‍ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്. മുസ്‌ളീം വിമര്‍ശനത്തിനൊപ്പം ക്രിസ്ത്യന്‍ ഗൂഡാലോചനകളെക്കുറിച്ചും മേളയില്‍ വില്‍ക്കുന്ന പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മേളയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ നിര്‍ദേശം പുറത്തു വിട്ടിട്ടുണ്ട്. അതേസമയം ഈ മാസം 16 മുതല്‍ തുടങ്ങിയിരിക്കുന്ന മേളയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ച് കുട്ടികളെ വഴി തെറ്റിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു
Post Your Comments