ന്യൂഡല്‍ഹി: ഇസ്രായേലും ഇന്ത്യയും തമ്മില്‍ ഉണ്ടായിരുന്ന ആയുധ കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട് . ഇസ്രായേലുമായുള്ള 500 മില്ല്യണ്‍ ഡോളറിന്റെ മിസൈല്‍ ഇടപാടാണ് ഇന്ത്യ റദ്ദാക്കുന്നത്. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ(ഡിആര്‍ഡിഒ) നേതൃത്വത്തില്‍ ഇതിന് പകരം മിസൈലുകള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വന്‍ ശക്തിയായാണ് പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വിലയിരുത്തിയിരുന്നത്. മിസൈല്‍ വാങ്ങുന്നത് സംബന്ധിച്ച സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പൂര്‍ത്തിയാക്കിയിരുന്നു. ഇസ്രായേലിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവുമായിട്ടായിരുന്നു കരാര്‍.
പദ്ധതി അനുസരിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്തമായി മിസൈല്‍ വികസിപ്പിക്കാനായിരുന്നു തീരുമാനം.കരാറിനോടനുബന്ധിച്ച് രാജ്യത്തെ മിസൈല്‍ നിര്‍മ്മാതാക്കളായ കല്ല്യാണി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രാരംഘട്ട പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ മിസൈല്‍ നിര്‍മ്മാണത്തിനായുള്ള ചെറു ഉപകരണ യൂണിറ്റിന്റെ ഉദ്ഘാടനം ഹൈദരബാദില്‍ വെച്ച് നടക്കുകയും ചെയ്തു.
ഡ്രോണുകള്‍ക്കും ശത്രുവിമാനങ്ങള്‍ക്കും നേരെ പ്രയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ കരസേനയ്ക്ക് വേണ്ടി ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കരാറില്‍ നിന്നും പിന്മാറുന്നതായി പ്രതിരോധ മന്ത്രാലയ വക്താക്കള്‍ വിശദീകരിച്ചു. കരാര്‍ പ്രകാരം വിദേശത്ത് നിന്നും മിസൈല്‍ ഇറക്കുമതി ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍ ഡിആര്‍ഡിഒയുടെ ആയുധ വികസന പരിപാടികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് കരാറില്‍ നിന്നും പിന്മാറുന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താക്കള്‍ പ്രതികരിച്ചു.
ഇസ്രായേലുമായുള്ള കരാറിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച അമേരിക്ക മുന്നോട്ട വെച്ച നിര്‍ദ്ദേശത്തേയും ഇന്ത്യ തള്ളിയിരുന്നു.
Post Your Comments