വാരണാസി•സമാജ്‌വാദി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നു.
സമാജ്‌വാദി പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അപരാജിത സോങ്കറാണ് ലക്നോവിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പിയില്‍ ചേര്‍ന്നതായി അറിയിച്ച അപരാജിത, പക്ഷെ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
നേരത്തെ ജൂലൈയില്‍ അപരാജിതയ്ക്കെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ ബി.ജെ.പി അംഗങ്ങള്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച അപരാജിത അതിന്റെ ക്രെഡിറ്റ് തന്റെ അനുകൂലികളുടെ ഐക്യത്തിന് നല്‍കിയെങ്കിലും ബി.ജെ.പി ക്യാമ്പ് സമ്പൂര്‍ണ മൗനം പാലിക്കുകയായിരുന്നു. 48 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിലുള്ളത്.
25 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം മറികടക്കാന്‍ വേണ്ടിയുള്ളത്. 2016 ജനുവരിയില്‍ നടന്ന ജില്ല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലാണ് സമാജ്‌വാദി പാര്‍ട്ടി ബി.ടെക്കുകാരിയായ അപരാജിതയെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത അപരാജിത ആദ്യമായാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. ചിറഗാവ് ബ്ലോക്കിലെ സെക്ടര്‍ 1 ല്‍ നിന്നാണ് അപരാജിത വിജയിച്ചത്.
Post Your Comments