പിണറായി വിജയൻ മന്ത്രി സഭയിലെ മൂന്നാമനും വീണു കഴിഞ്ഞു. അക്കമിട്ടു തെളിവുകൾ നിരത്തി വെല്ലുവിളികളെ പ്രതിരോധിച്ച മാധ്യമ പ്രവർത്തകരും കളക്ടറും കുബേരൻ മന്ത്രിയുടെ രാജിയിൽ കാര്യങ്ങൾ എത്തിച്ചു. എന്നാൽ തോമസ് ചാണ്ടിയുടെ ഈ രാജിയിൽ ഇപ്പോൾ നേട്ടം കൊയ്തിരിക്കുന്നത് സി പി ഐ ആണ് . മാർത്താന്ധം കായൽ കയ്യേറ്റത്തിൽ തെളിവുകൾ പുറത്താവുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത പ്പോൾ ഭരണപക്ഷത്തെ പ്രതിപക്ഷമായ സി പി ഐ വീണ്ടും ചരിത്രപരമായ ഇടപെടൽ നടത്തി പാർട്ടിയെ പ്രതിരോധത്തിൽ ആക്കുകയും തങ്ങൾ ജനകീയരാണെന്നു വരുത്തുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ മാധ്യമ പ്രവർത്തകരുടെ അന്വേഷണാത്മക റിപ്പോർട്ടിലൂടെ പുറത്തുവന്ന അഴിമതിയിലൂടെ പിണറായി സർക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്തു കൊണ്ട് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
തെളിവുകൾ പുറത്തുവരട്ടെ എന്നു വെല്ലുവിളിച്ചു കൊണ്ടു മന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്ന ചാണ്ടിയെ നിശബ്ദനായി പ്രോത്സാഹിപ്പിച്ച വല്യേട്ടൻ പാർട്ടിയ്ക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു സിപിഐ. ചാണ്ടീ നാടകത്തിൽ അപ്രതീക്ഷിതമായ ട്വിസ്റ്റ് സൃഷ്ടിച്ചത് സിപിഐയുടെ തന്ത്രപരമായ നീക്കങ്ങളിൽ ഒന്നായിരുന്നു. യൂദാസിനൊപ്പം ഇനിയും ഒന്നിച്ചിരിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് സിപിഐ പ്രഖ്യാപിച്ചത് ഞെട്ടിച്ചത് മുഖ്യനെ ആയിരുന്നു. ചാണ്ടിയുടെയും പിണറായിയുടെയും നാടക്കേടിനു മുന്നിൽ ആർത്തു ചിരിച്ചത് സി പി ഐ യുടെ അമരക്കാരനായിരുന്നു. അങ്ങനെ കാണാം തന്റെ പേരിൽ ചുളുവിൽ ഒരു പൊൻതൂവൽ സംഘടിപ്പിച്ചു. ഇതിനു വഴിവച്ചത് പ്രതിപക്ഷത്തിന്റെ നട്ടല്ലില്ലായ്മയാണ്. പാർട്ടി പിളരുമ്പോൾ മുഖം മിനുക്കാൻ നടക്കുന്ന രാഷ്ട്രീയക്കാർ മാത്രമായി കോൺഗ്രസ് അധപതിച്ചു. സോളാറും ഭൂ മാഫിയയും അടക്കം നിരവധി അഴിമതിയിൽ മുങ്ങി സ്വന്തം
പാർട്ടിയുടെ മുഖം രക്ഷിക്കാൻ കഴിയാതെ കേരളത്തിൽ കോൺഗ്രസ്സ് ഒളിച്ചു ജീവിക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ കേരള രാഷ്ട്രീയത്തിലെ ദുര്ഭരണത്തെ ചോദ്യത്തെ ചെയ്യാൻ എങ്ങനെ കഴിയാനാണ്?
പഴുതടച്ചതും പ്രവചനാതീതവുമായ നീക്കങ്ങളാണ് എപ്പോഴും കാനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സി പി എം എന്ന വല്യേട്ടനെ ഗറില്ലാ നീക്കങ്ങളിലൂടെ അപ്രസക്തമയക്കുന്ന സി പി ഐ ചെറിയേട്ടന്റെ മാസ്റ്റർ ബ്രെയിൻ കാനം സഖാവ് തന്നെയാണ്. കാനം അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാക്കുന്നത് പോളിറ്റ് ബ്യുറോക്കാർ തിരിച്ചറിയുമ്പോഴും കേരളത്തിലെ ഉന്നത സഖാക്കന്മാർ മാത്രം തിരിച്ചറിയുന്നില്ല. സി പി എമ്മിനെ, എൽ ഡി എഫിനെ ക്ഷീണിപ്പിക്കുകയല്ല ഭരണത്തെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും അറുപത്തിനാലിലെ വർഗ്ഗപരമായ ചൊരുക്കുകൾ ഇപ്പോഴും സിപിഐ തീർക്കുകയാണ്.
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനകീയ മുന്നണി ആയിത്തീരാൻ കാന ത്തിനും സിപിഐയ്ക്കും കഴിയുമ്പോൾ തന്നെ അണികൾക്കിടയിലുള്ള ‘കുറവ്’ വലിയ പ്രതിബന്ധമായി ഇന്നും നിലനിൽക്കുന്നു. മുന്നണി രാഷ്ട്രീയത്തെ അടിമുറി നവീകരിക്കാൻ ചാടിപ്പുറപ്പെട്ട കാനത്തിന് സിപിഐ അണികളുടെ ശേഷി വർദ്ധിപ്പിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നതിലാണ് പ്രസക്തി. അത് വിജയിപ്പിക്കാൻ കഴിഞ്ഞാൽ പുള്ളിക്കാരൻ കേരള രാഷ്ട്രീയത്തിലെ എവർഗ്രീൻ സ്റ്റാർ ആയി മാറും.
ഹോ .. ഒരു രാഷ്ട്രീയ വിജയം അങ്ങനെ ചാണ്ടിയുടെ മേല് മാധ്യമ റിപ്പോർട്ട് എന്ന അമ്പ് കൊണ്ട് നാല് മന്ത്രിമാരെ വച്ച് വിലപേശി നേടിയെടുത്ത സിപിഐ കേരളം രാഷ്ട്രീയത്തിലെ അഴിമതി വിമുക്ത ഭരണ സാധ്യതയിലേക്ക് വിരൽ ചൂണ്ടി നടന്നടുക്കുകയാണ്. കണ്ടും കേട്ടും അറിഞ്ഞ സത്യത്തേക്കാൾ എത്രയെ വലുതാണ് പിണറായി വിജയൻ . ആ ഇരട്ട ചങ്കനെ നിലയ്ക്ക് നിലർത്താൻ പുതിയ തന്ത്രങ്ങൾ ചുളുവിൽ ഒപ്പിച്ചു കൊണ്ട് കാനം ഗോളടിച്ചു കയറുന്നത് വീണ്ടും കാണാൻ നമുക്ക് കാത്തിരിക്കാം.
Post Your Comments