KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: തോമസ് ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കം കുറിച്ച് കുട്ടനാട്

കുട്ടനാട്: തോമസ് ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമായി. വരുന്ന ജൂൺ വരെ ഉപതെരഞ്ഞെടുപ്പ് നടത്താൻ കാലാവധിയുണ്ടെങ്കിലും മാർച്ച് ഏപ്രിൽ മാസത്തോടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമെന്നാണ് സൂചന. അതേസമയം പൊതുതെരഞ്ഞെടുപ്പിനു മുൻപ്, കേരളത്തിൽ ഇടത്- വലത് മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ ബലപരീക്ഷണത്തിനുളള വേദിയായി കുട്ടനാട് മാറുമെന്നാണ് വിലയിരുത്തൽ.

സിറ്റിംഗ് സീറ്റെന്ന നിലയിൽ ഇടത് മുന്നണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. അതിനാൽ എൻസിപിയിൽ നിന്ന് സീറ്റ് ഏറ്റെടുത്തുകൊണ്ട് ഭാഗ്യപരീക്ഷണം നടത്താൻ സിപിഐം തയ്യാറാകില്ല. മറിച്ച് ജനാധിപത്യ കേരളകോൺഗ്രസിന് സീറ്റ് നൽകി ഡോ. കെസി ജോസഫിനെ മത്സരിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കുട്ടനാട്ടിലെ മുൻ എംഎൽഎയും മണ്ഡലത്തിലെ ജനകീയ മുഖവുമാണ് കെസി ജോസഫ് എന്നത് അനുകൂല ഘടകമാണ്. എന്നാൽ, എൻസിപി സീറ്റ് വിട്ട് നൽകിയില്ലെങ്കിൽ തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ ഒരാളെ മത്സര രംഗത്തിറക്കുന്നതിനെക്കുറിച്ചും ഇടത് മുന്നണിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

കേരളകോൺഗ്രസിന്റെ സീറ്റ് എന്ന നിലയിൽ കുട്ടനാട്ടിൽ അവർതന്നെ മൽസരിക്കാനാണ് സാധ്യത. എന്നാൽ, പാർട്ടിയിലെ തർക്കങ്ങൾ പൊട്ടിത്തെറിയിലെത്തി നിൽക്കെ, കുട്ടനാട്ടിൽ പാല ആവർത്തിക്കുമെന്നും, കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കതമെന്നുമുള്ള ആവശ്യം യുഡിഫിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ടില ചിഹ്നത്തിൽ മൽസരിച്ച അഡ്വ. ജേക്കബ് തോമസിന്റെ പേരിന് തന്നെയാണ് കേരള കോൺഗ്രസ് ഔദ്യോഗിക വിഭാഗം പ്രഥമ പരിഗണനൽകുന്നത്. ജോസ് കെ മാണി വിഭാഗം അരുവിപ്പുറം ജോസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം അവശേഷിക്കുന്ന ഘട്ടത്തിലെ പോരാട്ടം യുഡിഎഫിനും വെല്ലുവിളിയാണ്.

ചെങ്ങന്നൂരും അരൂരും പിന്നിട്ടെത്തുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ജയപരാജയങ്ങൾക്കപ്പുറം മുന്നണികളിലെയും, പാർട്ടികളിലേയും തർക്കങ്ങളും ഒത്ത് തീർപ്പുകളും വഴിതെളിയിക്കുന്നതാവും. അതേസമയം എൻഡിഎയിൽ – ബിഡിജെഎസ് സ്ഥാനാർത്ഥിയായി കഴിഞ്ഞതവണ സുഭാഷ് വാസു മത്സരിച്ചിടത്ത് ഇത്തവണ മറ്റൊരാളാകും സ്ഥാനാർത്ഥി എന്ന കാര്യം ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button