Latest NewsKeralaNews

സി.പി.എമ്മിലെ വ്യക്തിപൂജ : പി.ജയരാജന് പിന്നാലെ മന്ത്രി തോമസ് ഐസകും വിവാദത്തില്‍

 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ പേരിലും ആരോപണം.

കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ച് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഐസക് ആരോപണവിധേയനായത്. ഐസക്കിനെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി എടുത്തുകാട്ടുന്ന റിപ്പോര്‍ട്ടും വ്യക്തിപൂജയാണെന്നായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനത്തില്‍ പങ്കുചേര്‍ന്നതായാണ് സൂചന. എന്നാല്‍ പത്രം വാര്‍ത്ത അവതരിപ്പിച്ച രീതിയില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ഐസക്കിന്റെ മറുപടി.

ശനിയാഴ്ചത്തെ സംസ്ഥാനസമിതിയില്‍ പി. ജയരാജനൊപ്പം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. രാഗേഷിനും രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നു. സംസ്ഥാന സമിതി അംഗങ്ങളാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. അജന്‍ഡയില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിങ്ങും ജയരാജന്റെയും കെ.കെ. രാഗേഷിന്റെയും വിശദീകരണവും സെക്രട്ടറിയുടെ മറുപടിയും മാത്രമാണുണ്ടായത്.

കണ്ണൂര്‍ ജില്ലാഘടകത്തിന്റെ സംഘടനാപരമായി ഗുണമേന്മയില്‍ ഇടിവുണ്ടാകുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു. വിമര്‍ശന-സ്വയംവിമര്‍ശനങ്ങള്‍ വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്നതിന് തെളിവാണ് ജില്ലാ സെക്രട്ടറിയെ പ്രത്യേകമായി ഉയര്‍ത്തിക്കാട്ടുന്ന പ്രവണത. അതിനെ തടയാന്‍ ശ്രമിക്കുന്നതിനുപകരം പ്രോത്സാഹിപ്പിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് നിരീക്ഷിച്ചെന്ന് കോടിയേരി യോഗത്തെ അറിയിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ ജില്ലാ സെക്രട്ടറിക്കെതിരേ യു.എ.പി.എ. ചുമത്തിയത് നീതിനിഷേധമാണ്. അതിനെതിരേ നിയമനടപടിക്കൊപ്പം ജനകീയ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരണം. പ്രതിഷേധത്തില്‍ രാഷ്ട്രീയമായ ഊന്നല്‍ നല്‍കുന്നതിനുപകരം വ്യക്തിപരമായി പ്രത്യേകമായി ഉയര്‍ത്തിക്കാട്ടുന്ന ശൈലിയാണുണ്ടായത്.

പ്രതിഷേധമുയര്‍ത്താന്‍ ഏരിയാ കേന്ദ്രങ്ങളില്‍ നടത്തിയ സംഗമത്തില്‍ പ്രസംഗിക്കുന്നവര്‍ക്ക് ജില്ലാകമ്മിറ്റി കുറിപ്പുണ്ടാക്കി നല്‍കി. വ്യക്തിപരമായി പുകഴ്ത്തുന്നതും ആരാധനാഭാവത്തിലുള്ളതുമായ കുറിപ്പാണ് നല്‍കിയത്. ഇതാണ് ജില്ലാകമ്മിറ്റിക്കെതിരായ ‘നടപടി’ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിനെ പ്രേരിപ്പിച്ചത്.

പ്രസംഗത്തിനുള്ള കുറിപ്പ് തയ്യാറാക്കിയതാണ് കെ.കെ. രാഗേഷിന് വിനയായത്. ആറുപേജിലേറെയുള്ള കുറിപ്പില്‍ ജയരാജനെ പരിധിവിട്ട് പുകഴ്ത്തുകയും വ്യക്തിപ്രഭാവം വളര്‍ത്തുന്നതരത്തില്‍ ‘ദേവദൂതനെപ്പോലെ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

താനല്ല കുറിപ്പ് തയ്യാറാക്കിയതെന്നും കെ.കെ. രാഗേഷാണത് ചെയ്തതെന്നും പി. ജയരാജന്‍ വിശദീകരിച്ചു. തയ്യാറാക്കിയതാരായാലും സെക്രട്ടറിയെന്ന നിലയില്‍ വായിച്ച് അംഗീകാരം നല്‍കേണ്ടതല്ലേയെന്ന ചോദ്യത്തിന് മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നുവത്രേ മറുപടി. ഇക്കാര്യത്തില്‍ യുക്തിസഹമായ വിശദീകരണം നല്‍കാന്‍ രാഗേഷിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് രാഗേഷിനെ വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button