പത്തനംതിട്ട: കൊലപാതകത്തിനു ക്വട്ടേഷന്‍ നല്‍കാന്‍ സുകുമാരക്കുറുപ്പ് മധ്യതിരുവിതാംകൂര്‍ മുഴുവന്‍ അലഞ്ഞിരുന്നെന്നുവെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ ഒടുവില്‍ മാര്‍ഗമില്ലാതെ ആയപ്പോള്‍ ബന്ധുവായ ഭാസ്ക്കരപിള്ളയെത്തന്നെ കൃത്യം ഏല്‍പിച്ചത്. അബുദാബിയില്‍നിന്നു പുറപ്പെടും മുമ്പേ സുകുമാരക്കുറുപ്പ് ഭാര്യ ഈ കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. നാട്ടിലെത്തിയശേഷം എങ്ങനെയും ഒരു മൃതദേഹം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഭാസ്ക്കരപിള്ളയുമായി ചര്‍ച്ചനടത്തി. പദ്ധതി വിജയിച്ചാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുടെ വിഹിതം വാഗ്ദാനം ചെയതു.
മെഡിക്കല്‍ കോളജില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയോ സെമിത്തേരിയില്‍നിന്നു പഴക്കമില്ലാത്ത മൃതദേഹം മാന്തിയെടുക്കുകയോ ആയിരുന്നു ആദ്യപദ്ധതി. അതിനു ധൈര്യമുള്ളവരെത്തേടി പലയിടത്തും നടന്നു. ഒടുവില്‍ ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയായ ഇറച്ചി ആല്‍ബിനെ സമീപിച്ചു. പുന്നപ്രയിലും മറ്റുമുള്ള പള്ളികളുടെ സെമിത്തേരിയിലായിരുന്നു ആല്‍ബിന്റെ രാത്രിവാസം. ആല്‍ബിയെത്തേടി സുകുമാരക്കുറുപ്പ് വെട്ടുകാട് പള്ളിയിലെ സെമിത്തേരിയിലാണ് എത്തിയത്.
ആല്‍ബിന്‍ ‘കരാര്‍’ എടുത്തെങ്കിലും അധികം പഴക്കമില്ലാത്ത മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് ആരെയെങ്കിലും തട്ടാന്‍ കുറുപ്പ് ആല്‍ബിയോടു നിര്‍ദേശിച്ചത്. എന്നാല്‍, അതിനകം മറ്റൊരു ക്വട്ടേഷന്‍ എടുത്തതിനാല്‍ കുറുപ്പിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ ആല്‍ബിക്കു കഴിഞ്ഞില്ല. ഇയാള്‍ പിന്നീടു മറ്റൊരു കേസില്‍ ജയിലിലായി. പുറത്തിറങ്ങിയശേഷം കിടപ്പിലുമായതോടെ ആല്‍ബിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ രണ്ടു കന്യാസ്ത്രീകളെത്തി. മാനസാന്തരപ്പെട്ട ആല്‍ബിന്‍ ഇപ്പോള്‍ പുന്നപ്രയില്‍ ശാന്തിഭവന്‍ എന്ന പേരില്‍ അഗതിമന്ദിരം നടത്തുകയാണ്.
ചാക്കോ കൊല്ലപ്പെട്ട 1984 ജനുവരി 21ന് ഉച്ചകഴിഞ്ഞാണു ഭാസ്ക്കരപിള്ളയും െ്രെഡവര്‍ പൊന്നപ്പനും ചാവക്കാട്ടുകാരനായ ഷാഹുവും ചെറിയനാട്ടുനിന്നു കറുത്തനിറമുള്ള അബാസിഡര്‍ കാറില്‍ ആലപ്പുഴയ്ക്കു പോയതെന്നാണു പോലീസ് ഭാഷ്യം. മറ്റൊരു കാറില്‍ സുകുമാരക്കുറുപ്പ് അനുഗമിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്നു മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം ലഭിക്കാതെ മടങ്ങുമ്ബോഴാണു ചാക്കോയെ കാറില്‍ കയറ്റിയതെന്നുപോലീസ് പറയുന്നു. രാത്രി കരുവാറ്റ ഹരി തീയറ്ററിലെ സെക്കന്‍ഡ് ഷോയുടെ കളക്ഷന്‍ പരിശോധിച്ചശേഷമാണു ഫിലിം റെപ്രസന്റേറ്റീവായ ചാക്കോ സമീപത്തെ കടയില്‍നിന്നു കാപ്പികുടിച്ച് ആലപ്പുഴയ്ക്കു പോകാന്‍ നിന്നത്.
ഹരിപ്പാട്ടേക്കു പോകേണ്ട വാഹനത്തില്‍ ചാക്കോ കയറാന്‍ സാധ്യതയില്ല. ആ നിലയ്ക്കു സംഘം ആലപ്പുഴയ്ക്കു പോകുന്നവഴിയാകും ചാക്കോയെ കാറില്‍ കയറ്റിയത്. അങ്ങനെയെങ്കില്‍, മൃതദേഹം ലഭിക്കാതെ മടങ്ങിയ സംഘം കൊലപാതകം ലക്ഷ്യമിട്ടു വീണ്ടും തിരിച്ചുപോയതാകാം. അതു കുറുപ്പിന്റെ പ്രേരണപ്രകാരമാകാം എന്നാണു നിഗമനം. പകല്‍ ആലപ്പുഴയില്‍ പോയി മടങ്ങിയ സംഘം രാത്രി അതേ റൂട്ടില്‍ കൊലപാതകം ലക്ഷ്യമിട്ടു പോയതാകാം. സംഭവദിവസം രാത്രി ഏഴരയ്ക്കു സുകുമാരക്കുറുപ്പിന്റെ അംബാസിഡര്‍ കാര്‍ മാവേലിക്കരയിലൂടെ പോയിരുന്നെന്നാണു സൂചന.
മല്ലപ്പള്ളിയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങിയ, നങ്ങ്യാര്‍കുളങ്ങര സ്വദേശിയായ വിമുക്തഭടന്‍ ഈസമയം മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ എട്ടുമണിയുടെ കെ.സി.ടി. ബസ് പ്രതീക്ഷിച്ചു നിന്നിരുന്നു. അദ്ദേഹത്തിനു സമീപം കറുത്ത അംബാസിഡര്‍ കാര്‍ നിര്‍ത്തിയശേഷം ഹരിപ്പാട്ടേക്കു വരുന്നോയെന്നു ചോദിച്ചു. എന്നാല്‍, അദ്ദേഹം കയറിയില്ല. 10 മിനിട്ട് കഴിഞ്ഞപ്പോള്‍ കാര്‍ തിരികെ ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോകുന്നത് വിമുക്തഭടന്‍ കണ്ടു. രണ്ടുദിവസം കഴിഞ്ഞാണു കാര്‍ കൊല്ലകടവ്കുന്നംപൈനംമൂട് റോഡിന്റെ വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്നുവെന്നും സുകുമാരക്കുറുപ്പ് മരിച്ചെന്നുമുള്ള വാര്‍ത്ത പത്രത്തില്‍ കണ്ടത്. പിന്നീടാണു ചാക്കോ വധത്തിന്റെ ചുരുളഴിഞ്ഞത്. ചാക്കോ റോഡ് എന്ന പേരിലാണ് ഈ പാത ഇപ്പോള്‍ അറിയപ്പെടുന്നത്. സംഘം ലക്ഷ്യമിട്ടത് അജ്ഞാതമൃതദേഹമല്ലെന്നും കൊലപാതകമാണെന്നുമുള്ള നിഗമനം സാധൂകരിക്കുന്ന വേറെയും തെളിവുണ്ട്.
Post Your Comments