കൊല്ലം: പിടികിട്ടാപുള്ളി സുകുമാരകുറുപ്പിന് രക്ഷപ്പെടാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ വഴിയൊരുക്കിയെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയര്‍ഡ് എസ്പി പി എം ഹരിദാസ്. സുകുമാരകുറുപ്പ് ആലുവ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പിടിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പി എം ഹരിദാസും ഭാര്യ വസുന്ധരയും മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ട്.
37 കൊല്ലം മുമ്പ് സുകുമാരക്കുറുപ്പിനെ തേടിയിറങ്ങിയ കൊല്ലത്തുകാരനാണ് ചാക്കോ വധക്കേസ് അന്വേഷിച്ച എസ്‌പി പി എം ഹരിദാസ്. കൊല്ലം അയത്തില്‍ പാല്‍ക്കുളങ്ങരയില്‍ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന് ഇപ്പോള്‍ വയസ്സ് 82. പ്രതി സുകുമാരകുറുപ്പിനെ പിടികൂടാന്‍ കഴിയാത്തതിന്റെ നഷ്ടബോധം ഇപ്പോഴും ഈ റിട്ടയര്‍ഡ് ഉദ്യോഗസ്ഥനെ അലട്ടുന്നു. ആലുവ ലോഡ്ജില്‍ പ്രതി ഒളിവില്‍ ഉണ്ടന്നറിഞ്ഞിട്ടും പിടിക്കാന്‍ കഴിയാതെ പോയി മേലുദ്യോഗസ്ഥര്‍ താന്‍ പോകുന്നത് തടഞ്ഞു.
Read Also: സുകുമാരക്കുറുപ്പ് കോട്ടയത്ത് ഉണ്ട്: അന്വേഷിച്ചെത്തി ക്രൈംബ്രാഞ്ച്
‘1984ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് അന്വേഷിക്കുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയ കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും യാത്രകള്‍, തലനാരിഴ കീറിയ തെളിവെടുപ്പും ശാസ്‌ത്രീയപരിശോധനകളും നടത്തി’- ഹരിദാസ് പറഞ്ഞു.
അതേസമയം, പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നോ മേലുദ്യോഗസ്ഥരുടെ അന്നത്തെ ലക്ഷ്യമെന്ന് ഭാര്യ വസുന്ധരക്ക് സംശയം ബാക്കി. ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടാകാമെന്നും എസ്പി പി.എം ഹരിദാസിന്റെ ഭാര്യ വെളിപ്പെടുത്തി. അക്കാലത്ത് ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും വസുന്ധര പറഞ്ഞു.
കേരളത്തില്‍ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്‌തു. എന്നാല്‍, മികച്ച സര്‍വീസ് റെക്കോഡുള്ള ഹരിദാസിന് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിലും മുഖ്യപ്രതിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനായില്ല. അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തി. എന്നാല്‍, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളില്‍ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments