തൃശൂര്‍ : ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വെള്ളിയാഴ്ച തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ സുകുമാര കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയും ചാക്കോ കൊലക്കേസും വീണ്ടും ചര്‍ച്ചയാകുകയാണ്. സുകുമാര കുറുപ്പിനെ കുറിച്ച് അന്ന് കേസില്‍ മാപ്പുസാക്ഷിയായ ഷാഹുവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്താപ്രാധാന്യം നേടുന്നത്.
ഷാഹുവിനെ കൂട്ടുപിടിച്ചായിരുന്നു സുകുമാര കുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതക സമയത്ത് ഷാഹുവിന് വെറും 25 വയസ്സായിരുന്നു പ്രായം. അവധി കഴിഞ്ഞ് തിരിച്ച് ദുബായിലേക്ക് പോകാനിരിക്കേയാണ് പൊലീസ് വീട് വളഞ്ഞ് ഇയാളെ അറസ്റ്റ് ചെയതത്. പിന്നീട് രണ്ടു തവണ സുകുമാരക്കുറുപ്പിന്റെ വീട്ടില്‍ പോയെങ്കിലും ആദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്ന് ഷാഹു പറഞ്ഞു.
സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ കിട്ടിയില്ലെങ്കില്‍ തന്നെ അതിനു പകരം കൊല്ലാനും അവര്‍ തീരുമാനിച്ചിരുന്നെന്നും ഷാഹു വ്യക്തമാക്കി.
കുറുപ്പ് സിനിമ ഒരുക്കുന്നതിനായി അണിയറപ്രവര്‍ത്തകര്‍ ആദ്യം ചെയതത് യഥാര്‍ത്ഥ സുകുമാര കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ളവരെ കുറിച്ച് പഠിക്കുക എന്നതായിരുന്നു. അതിനായി കുറുപ്പുമായി അടുത്തു ബന്ധം പുലര്‍ത്തിയിരുന്നവരെയും അവര്‍ കണ്ടെത്തി. അത്തരത്തില്‍ പരിചയപ്പെട്ട ഒരാളാണ് ഷാഹു എന്ന ചാവക്കാട് തൊട്ടാപ്പ് ചിന്നക്കല്‍ ഷാഹു.
ചാക്കോ വധകേസിലെ നാലാം പ്രതിയും സുകുമാരക്കുറുപ്പിന്റെ അടുത്ത സുഹൃത്തും പിന്നീട് മാപ്പു സാക്ഷിയുമായാളാണ് ഷാഹു. സുകുമാര കുറുപ്പിനെക്കുറിച്ചുളള സിനിമ പൂര്‍ണതയിലെത്തണമെങ്കില്‍ തന്നോട് സംസാരിക്കണമെന്നാണ് ഷാഹു പറയുന്നത്. അബുദാബിയിലെ അഡ്മ കമ്പനിയില്‍ ഓഫീസ് ബോയിയായിട്ടാണ് ഷാഹുല്‍ ജോലി ചെയ്തിരുന്നത്. അന്ന് അതേ ഷോപ്പില്‍ സ്റ്റോര്‍ കീപ്പറായിരുന്നു സുകുമാര കുറുപ്പ്. അവിടെ നിന്നാണ് ഇരുവരും വലിയ സുഹൃത്തുക്കളാകുന്നത്.
1984 ജനുവരി 21 ന് കേരളത്തെ ഞെട്ടിച്ച് ചാക്കോ വധക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍ പൊന്നപ്പന്‍, കൂട്ടുപ്രതികളായ ഭാസ്‌കരപ്പിള്ള എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. എന്നാല്‍ കേസിലെ നാലാം പ്രതിയായ ഷാഹു കൊലപാതകത്തിന് ശേഷം 37 വര്‍ഷം പിന്നിടുമ്പോഴും ദയനീയമായ അവസ്ഥയിലാണ്. വര്‍ഷങ്ങളായി പാവറട്ടിയിലും പരിസരങ്ങളിലും മീന്‍ കച്ചവടം നടത്തിവരികയാണ് 62കാരനായ ഷാഹു. തൊട്ടാപ്പില്‍ ആകെയുണ്ടായിരുന്ന വീടും പറമ്പും വിറ്റ് വാടകവീട്ടിലാണ് ഇയാളുടെ താമസം.
Post Your Comments