തൃശ്ശൂര്‍: റെസ്റ്റോറന്റുകള്‍ക്കുള്ള ജി.എസ്.ടി. അഞ്ച് ശതമാനമാക്കിയതും ഭക്ഷ്യവസ്തുക്കളളുടെ വിലക്കുറവുംമൂലം ഹോട്ടല്‍ഭക്ഷണത്തിന്റെ വില 20 ശതമാനത്തോളം കുറയ്‌ക്കേണ്ടിവരും.
ജി.എസ്.ടി. കുറച്ചതോടെ ഏഴുമുതല്‍ 13 ശതമാനം വില കുറയ്ക്കാന്‍ ഹോട്ടലുകാര്‍ ബാധ്യസ്ഥരാണ്. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി.യായ 28 ശതമാനം സ്ലാബില്‍ കോള ഒഴികെ ഒരു ഭക്ഷ്യയിനംപോലുമില്ല. കൂടാതെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇരുപതോളം ഭക്ഷ്യയിനങ്ങളുടെ നികുതി അഞ്ചുമുതല്‍ 10 ശതമാനംവരെ കുറയ്ക്കുകയും ചെയ്തു. ഇതോടെ വില നിര്‍ണയിക്കാന്‍ ഹോട്ടലുകാര്‍ തയ്യാറാകേണ്ടിവരും.
ഹോട്ടലില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന അരിക്ക്് ഒരു മാസത്തിനിടെ കിലോക്ക് ശരാശരി അഞ്ചുരൂപയോളം കുറഞ്ഞു. കോഴിവില (ലൈവ് ചിക്കന്‍) പൊതുവിപണിയില്‍ കിലോക്ക് 76 വരെയായി. കോഴിക്ക് കിലോഗ്രാമിന് 87 രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ചപ്പോഴുള്ള വിലയാണ് ഹോട്ടലുകളില്‍ ഇപ്പോഴും ഈടാക്കുന്നത്. മാട്ടിറച്ചിപ്രശ്‌നം തീര്‍ന്നതോടെ വില 15 ശതമാനം കുറഞ്ഞു. പരിപ്പ്, പയര്‍ ഇനങ്ങള്‍ക്കും രണ്ടുമാസമായി വില കുറയുകയാണ്.
വെളിച്ചെണ്ണ, തേങ്ങ, ചെറിയ ഉള്ളി, പാചകവാതകം, ചില പച്ചക്കറികള്‍ എന്നിവയാണ് അടുത്തകാലത്ത് വിലയുയര്‍ന്ന ഇനങ്ങള്‍. നോട്ട് അസാധുവാക്കലിനുശേഷം പണിക്കൂലിയും വൈദ്യുതിനിരക്കും കടകളുടെ വാടകയും ഉയര്‍ന്നിട്ടില്ല.
18 ശതമാനംവരെ കുറയ്ക്കുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞിട്ടുണ്ട്.
ജി.എസ്.ടി. കുറഞ്ഞതിനാല്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയ്ക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. െമായ്തീന്‍കുട്ടി ഹാജി അറിയിച്ചു. എല്ലാ ഹോട്ടലിലെയും വില 12 മുതല്‍ 18 ശതമാനംവരെ കുറയ്ക്കും. 15 മുതല്‍ നടപ്പാക്കും. ഭക്ഷ്യവസ്തുക്കളുടെ വിലയിടിഞ്ഞതുമൂലമുള്ള വിലക്കുറവ് ഇപ്പോള്‍ നടപ്പാക്കില്ല. വില ഉയര്‍ന്നപ്പോള്‍ ഹോട്ടലില്‍ വില കൂട്ടിയിരുന്നില്ല. ജി.എസ്.ടി. ഭയന്ന് ജനങ്ങള്‍ ഹോട്ടലില്‍ കയറാതായതോടെയുണ്ടായ പ്രതിസന്ധി പുതിയ നികുതിഘടനയോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments