കുവൈറ്റ്: റോഡുകളിലെ നിയന്ത്രണരേഖകള്‍ മറികടന്നാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. രണ്ടു മാസത്തേക്കാണ് വാഹനങ്ങള്‍ കണ്ടുകെട്ടുക. അത്തരം വാഹനങ്ങള്‍ മന്ത്രാലയത്തിന് കീഴിലെ ഗ്യാരേജിലേക്ക് മാറ്റുന്നതിനുള്ള തുകയായി 10 ദിനാറും വാഹന ഉടമകളില്‍ നിന്ന് ഈടാക്കും. ഗ്യാരേജില്‍ വാഹനം സൂക്ഷിക്കുന്നതിനു പ്രതിദിനം ഒരു ദിനാര്‍ വാടകയും നല്‍കണം.
കാല്‍നടക്കാര്‍ക്കുള്ള ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നു മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഗതാഗതക്കുരുക്ക് കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിക്കുന്നത്. ഹൈവേകളില്‍ റോഡിന്റെ ഇരുവശത്തും എമര്‍ജന്‍സി ലൈനുകളുണ്ട്. ചിലയിടങ്ങളില്‍ ഇടത്തെ ലൈന്‍ മറികടക്കാന്‍ നിശ്ചിത സമയങ്ങളില്‍ അനുമതിയുണ്ട്.
ഗതാഗത തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും മാത്രമാണ് നിശ്ചിത വേഗത്തില്‍ മാത്രം എമര്‍ജന്‍സി ലൈന്‍ മറികടക്കാന്‍ അനുമതി. സീബ്രാ വരയില്‍ നിര്‍ത്തിയിട്ട് ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പുനരവലോകനം ചെയ്യാന്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ഡ്രൈവിങ് ലൈസന്‍സിനു യോഗ്യതയുള്ള വിഭാഗങ്ങളെ തരംതിരിച്ച് അവലോകന വിധേയമാക്കാനാണ് നീക്കം. ഓരോ വിഭാഗത്തെക്കുറിച്ചും പ്രത്യേക പഠനം നടത്തിയാകും അന്തിമ തീരുമാനം.
Post Your Comments