ബെംഗളൂരു: കൂട്ടപ്പരിച്ചുവിടലിനെത്തുടര്‍ന്നുള്ള ഐ.ടി. മേഖലയിലെ ആശങ്ക അകലുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ ആറ് പ്രമുഖ ഐ.ടി. കമ്പനികളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടത് 4157 പേര്‍ക്കാണ്. കഴിഞ്ഞ ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 60,000-ത്തോളം പേര്‍ക്ക് പുതുതായി ജോലിലഭിച്ച സാഹചര്യത്തിലാണിത്. ഐ.ടി. വ്യവസായ കൂട്ടായ്മയായ നാസ്‌കോം നടപ്പുസാമ്പത്തികവര്‍ഷം ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കണക്കുകള്‍ ആശങ്കനിറഞ്ഞതാണെന്ന് ഐ.ടി. രംഗത്തുള്ളവര്‍ പറയുന്നു.
കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണി ഐ.ടി. ഹബ്ബായ ബെംഗളൂരുവിനെയാണ് കൂടുതലായും ബാധിച്ചത്. കര്‍ണാടകത്തില്‍ ഐ.ടി. മേഖലയില്‍ 40 ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട്. ബെംഗളൂരുവില്‍ മാത്രം 15 ലക്ഷത്തോളം വരും. പ്രമുഖ കമ്പനികള്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചെറുതും വലുതുമായ നിരവധി കമ്പനികള്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ വ്യക്തമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഐ.ടി. മേഖലയില്‍നിന്ന് 56,000-ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.
ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ കഴിഞ്ഞ ഓഗസ്റ്റില്‍ ബെംഗളൂരുവില്‍ ഐ.ടി. മേഖലയിലെ ജീവനക്കാര്‍ കര്‍ണാടക ഐ.ടി., ഐടീസ് എംപ്ലോയീസ് യൂണിയന്‍ രൂപവത്കരിച്ചിരുന്നു. ഐ.ടി. രംഗത്ത് തൊഴിലാളി യൂണിയന്‍ രൂപവത്കരിക്കുന്നതില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത വിലക്ക് മറികടന്നാണ് ജീവനക്കാര്‍ സംഘടിച്ചത്. ജീവനക്കാരെ അകാരണമായി പിരിച്ചുവിടുന്നത് തടയുകയായിരുന്നു ലക്ഷ്യം.
കര്‍ണാടക സര്‍ക്കാറും പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പ്രതിസന്ധിക്ക് അയവുവന്നെങ്കിലും പുറത്തുവന്ന കണക്കുകള്‍ ആശങ്കയ്ക്കിടയാക്കുന്നതാണ്. പ്രമുഖ ഐ.ടി. കമ്പനികളായ കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍., ടെക് മഹീന്ദ്ര, ടി.സി.എസ്. എന്നീ കമ്പനികളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി.
കഴിഞ്ഞ മാര്‍ച്ചില്‍ ഈ കമ്പനികളില്‍ 12,47,934 ജീവനക്കാരുണ്ടായിരുന്നത് സെപ്റ്റംബറായതോടെ 12,43,777 ആയി കുറഞ്ഞുവെന്നാണ് കണക്ക്.
അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണം, കമ്പനികളുടെ ചെലവുചരുക്കല്‍, ഓട്ടോമേഷന്‍, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയാണ് ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് കണക്കാക്കുന്നത്.
എക്‌സിക്യൂട്ടീവ് സേര്‍ച്ച് സ്ഥാപനമായ ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യയുടെ കണക്കുപ്രകാരം അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് ഐ.ടി. മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പറയുന്നത്.
Post Your Comments