തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ശുചീകരണം ആരംഭിച്ചു. ഗുണ്ടകളും ക്രിമിനലുകളുമായ പൊലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബലാത്സംഗ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു.
പൊലീസ് അക്ട് 86 പ്രകാരമാണ് നടപടി. ഈ വകുപ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. മുളവുകാട് പട്ടികജാതിയില്‍പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഡിജിപിയുടെ നടപടി.
പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. 15 തവണ വകുപ്പ് തല നടപടിയും ആറ് തവണ സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.
സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിരുന്നു.
Post Your Comments