തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയെ അവിചാരിതമായാണ് വിദ്യ എന്ന യുവതി കണ്ടെത്തിയത്. തന്റെ സമീപത്ത് നിന്ന് ചെടിയില്‍ നിന്നും കായപൊട്ടിച്ച് കഴിക്കുകയായിരുന്ന അവരുടെ വിശപ്പിന്റെ ആധിക്യം മനസിലാക്കി വിദ്യ ഭക്ഷണം വാങ്ങിക്കൊടുത്തു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞതോടെയാണ് തന്റെ മുന്നിലിരിക്കുന്നത് ഒരു മുന്‍ അധ്യാപികയാണെന്ന് വിദ്യയ്ക്ക് മനസിലായത്. മലപ്പുറത്തെ ഇസ്ലാമിയ എയ്ഡഡ് പബ്ലിക് സ്കൂളിലെ കണക്ക് ടീച്ചറായിരുന്നു വത്സ എന്നു പേരുള്ള ആ വയോധിക. ഇവര്‍ പറയുന്നത് ശരിയാണോ എന്ന് അറിയാന്‍ വിവരങ്ങള്‍ ഫോട്ടോ സഹിതം വിദ്യ ഫേസ്ബുക്കിലിട്ടു. പിന്നെ നിലയ്ക്കാത്ത കോളുകളായിരുന്നു. മലപ്പുറത്തുള്ളവര്‍ ഈ ടീച്ചറെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെന്‍ഷന്‍ ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ട ഇവര്‍ക്ക് 5000 രൂപ പെന്‍ഷനുമുണ്ട്. എന്നിട്ടും റോഡിൽ ഭിക്ഷ യാചിച്ച് കഴിയുകയാണ്. ഫോട്ടോ കണ്ടതോടെ ടീച്ചറെ തിരിച്ചറിഞ്ഞ് ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളും മലപ്പുറത്തെ നാട്ടുകാരും സഹായ വാഗ്ദാനവുമായി രംഗത്തെത്തി. ഇതിനിടെ വിദ്യയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട തിരുവനന്തപുരം ജില്ലാ സബ്കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ ടീച്ചറെ സഹായിക്കാം എന്നേറ്റു. ഇപ്പോള്‍ ടീച്ചറെ സുരക്ഷിതമായി കല്ലടിമുഖത്തുള്ള കോര്‍പറേഷന്‍ വക വൃദ്ധ സദനത്തില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം വിദ്യ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. തമ്പാനൂര്‍ എസ്‌ഐ സമ്പത്ത് കൃഷ്ണന്‍, സബ് കളക്ടര്‍ ദിവ്യ എസ്‌അയ്യര്‍, തിരുവനന്തപുരം നഗരസഭ എന്നിവരുടെ നല്ല മനസിന് നന്ദിയെന്നും ശിഷ്യരേ .സുഹൃത്തുക്കളേ..സമാധാനമായി പോന്നോളൂ. നിങ്ങളുടെ ടീച്ചര്‍ സുരക്ഷിതയാണെന്നും വിദ്യ അറിയിച്ചു.
Post Your Comments