കണ്ണൂര്‍•ഗെയില്‍ വാതക പൈപ്പ് ലൈന്‍ വേണ്ടിയുള്ള പൈപ്പുകള്‍ സൂക്ഷിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥലത്ത്. ഗെയിലിന്റെ കോടികള്‍ വിലവരുന്ന പൈപ്പുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സൂക്ഷിക്കുന്നത് സമരത്തിന് മുന്നില്‍ നില്ക്കുന്നവരുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥലത്താണ്. പ്രതിമാസം ലക്ഷങ്ങളാണ് വാടക ഇനത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ കോടികള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ഇത് നഷ്ടമാകുന്നത്തിന്റെ വേവലാതിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ സമരത്തിന് പ്രേരിപ്പിക്കുന്നതെന്നുമാണ് ആരോപണം.
ഇരിക്കൂര്‍- നായ്ക്കാലി- മട്ടന്നൂര്‍ റോഡില്‍ കൊളപ്പ ചിത്രാരിയില്‍ ജമാഅത്തെ ഇസ്ളാമി നടത്തുന്ന സ്കൂളിന് മുന്നിലായുള്ള ഒഴിഞ്ഞ സ്ഥലത്താണ് പൈപ്പുകള്‍ സൂക്ഷിക്കുന്നത്. ഇവിടെ ജമാഅത്തെ ഇസ്ളാമിക്ക് 60 ഏക്കറോളം സ്ഥലമുണ്ട്. അതില്‍ പത്ത് ഏക്കറാണ് പൈപ്പ് സൂക്ഷിക്കാന്‍ വാടകക്ക് നല്‍കിയത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീട്രാന്സ്വേയ്സാണ് പൈപ്പ് സൂക്ഷിക്കുന്ന യാഡിന്റെ കരാര്‍ കൈകാര്യംചെയ്യുന്നത്.
പൈപ്പ് ലൈനിടല്‍ വേഗത്തിലായതോടെ മുഴുവന്‍ പൈപ്പുകളും മാറ്റാനും ഗെയില്‍ അധികൃതര്‍ കരാര്‍ എടുത്ത സ്ഥാപനത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ വാടകയിനത്തില്‍ ലഭിക്കുന്ന ലക്ഷങ്ങള്‍ നഷ്ടമാകുമെന്ന ഭയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചത്.
അതേസമയം, ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റിന്റെ ഭൂമിയില്‍ ഗെയില്‍ പൈപ്പുകള്‍ സൂക്ഷിക്കുന്നതും സമരം ചെയ്യുന്നതും ഇരട്ടത്താപ്പാണെന്ന ആരോപണണത്തിനു മറുപടിയായി കണ്ണൂര്‍ ജല്ലാ കമ്മിറ്റി വിശദീകരണ കുറിപ്പിറക്കി. നാട്ടില്‍ വരുന്ന വലിയൊരു വികസനത്തിന് പ്രോത്സാഹനം നല്‍കുക എന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമായി നല്കിയ അനുവാദമാണിതെന്നും വികസന വിരോധികളല്ലെന്നും എല്ലാ വികസനത്തിന്റെയും നന്മയെ പിന്തുണക്കുന്നവരാണ് തങ്ങളെന്നും സംഘടന പറയുന്നു. ഗെയില്‍ പദ്ധതിക്കോ റോഡ് വീതി കൂട്ടുന്നതിനോ ജമാഅത്തെ ഇസ്ലാമി എതിരല്ലെന്നും അതൊക്കെ ജനങ്ങളെ ദ്രോഹിക്കാതെയും ചൂഷണം ചെയ്യാതെയും പ്രകൃതി വിരുദ്ധമല്ലാത്ത നിലയിലും നടപ്പിലാക്കണമെന്നും ജമാഅത്തെ ഇസ്ലാമി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments