ഐക്യ കേരളത്തിന്റെ അറുപത്തിയൊന്ന് വര്‍ഷങ്ങളില്‍ അധികാര ഭ്രാന്തമാരുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കേരളീയര്‍. എന്നും എപ്പോഴും തൊഴിലാളി വര്‍ഗ്ഗത്തിനൊപ്പം നില്‍ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണു അവരുടെ ആപ്തവാക്യം . എന്നാല്‍ ഇന്നത്തെ കേരള ഭരണം പരിശോധിച്ചാല്‍ കോടീശ്വരന്റെ മൂട് താങ്ങി അധികാരം തലയ്ക്ക് പിടിച്ച ദുര്‍ ഭരണക്കാരായി കമ്മ്യൂണിസ്റ്റ് ഭരണം മാറിയതായി കാണാം. അധികാരികളില്‍ നിന്നും ഭരണം പിടിച്ചു വാങ്ങി സമത്വ സുന്ദര ഭാവി സമ്മാനിക്കുമെന്നും നിങ്ങളുടെ വിയര്‍പ്പിലും ചോരയിലും കൂടെ ഞങ്ങളുമുണ്ടെന്നു കപട ബോധം വളര്‍ത്തി മലയാളികളെ വിഡ്ഢികളാക്കി ചിരിക്കുന്ന ഈ ഭരണത്തിനു മുന്നില്‍ എന്നാണ് നാം കഴുതകളല്ലെന്നു ഉറക്കെ വിളിച്ചു പറയുക.
എല്ലാം ശരിയാക്കാന്‍ വന്നിട്ടു സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത അഴിമതി ഭരണമായി മാറുന്ന പിണറായി സര്‍ക്കാര്‍ തോമസ് ചാണ്ടി വിവാദത്തില്‍ കാണിക്കുന്ന ഒളിച്ചുകളിഎന്തിനാണ്? തോമസ് ചാണ്ടി വിവാദത്തില്‍ ഭരണകൂടം കാട്ടുന്ന അലസത എന്തിനു? നമുക്ക് അല്ലെ തെറ്റിയത്, കായല്‍ ഇനിയും കയ്യേറുമെന്നു പൊതുജനത്തെ പരിഹസിച്ച, വെല്ലുവിളിച്ച തോമസ് ചാണ്ടി ഉത്തമനായ ഭരണാധികാരി തന്നെയല്ലേ..!
ലൈംഗിക ആരോപണത്തില്‍ മാനം നഷ്ടപ്പെടാതിരിക്കാന്‍ മറ്റൊരു പീഡനക്കേസ് ആരോപണം നിലനില്‍ക്കുന്ന ചാണ്ടിയെ തന്നെ മന്ത്രിയാക്കി പിണറായി സര്‍ക്കാര്‍. ഇതല്ലേ വിശ്വസിച്ച പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന കിടിലന്‍ സമ്മാനം. ആരോപണ വിധേയനായ ശശീന്ദ്രനെ മാറ്റി നിര്‍ത്തുകയും പകരം ഏപ്രില്‍ ഒന്നിന് ചാണ്ടിയുടെ കയ്യില്‍ ഗതാഗത വകുപ്പിന്റെ ഭരണം കൊടുക്കുകയും ചെയ്തു. അതെ നല്ല ദിവസമാണ് ചാണ്ടിയ്ക്ക് അധികാരം കിട്ടിയത്. പൊതുജനത്തെ വിഡ്ഢികളാക്കി തോമസ് ചാണ്ടി കേരളം കട്ടുമുടിച്ച് തുടങ്ങി. എന്നാല്‍ ഒരു കോടീശ്വരനായ മന്ത്രിയെ കേരളത്തിനു ലഭിച്ചുവെന്നു ചിന്തിച്ച പൊതുജനം അത്രയ്ക്ക് അങ്ങ് ചിന്തിച്ചിട്ടുണ്ടാകില്ല.
ആരാണ്കുവൈറ്റ് ചാണ്ടി. തോമസ് ചാണ്ടി വിവാദങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഒരു പേരാണ് കുവൈറ്റ് ചാണ്ടി. വിദേശങ്ങളിലടക്കം കോടികളുടെ ബിസിനസുകളുള്ള വ്യക്തിയാണ് തോമസ് ചാണ്ടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി. മാര്‍ച്ചില്‍ ഹണി ട്രാപ്പ് വിവാദത്തില്‍ കുടുങ്ങി എന്‍സിപിയുടെ മന്ത്രി എ കെ ശശീന്ദ്രന്‍ സ്വമേധയാ രാജിവച്ചതോടെയാണ് എന്‍സിപിയിലെ രണ്ടാമത്തെ എംഎല്‍എയായ തോമസ് ചാണ്ടിയ്ക്ക് മന്ത്രിയാകാനുള്ള നറുക്ക് വീണത്. കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോമസ് ചാണ്ടി വിവാദങ്ങളില്‍പ്പെട്ട് എകെ ശശീന്ദ്രന്‍ രാജിവച്ചതറിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ മടങ്ങിയെത്തിയാണ് മന്ത്രിയാകാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ സിഎംഡിയായ ചാണ്ടിക്ക് കുവൈറ്റിലും റിയാദിലും സ്‌കൂളുകളുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 92.37 കോടി രൂപയുടെ സ്വത്തുവിവരമാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കാണിച്ചിരുന്നത്. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് പറയപ്പെടുന്ന സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫില്‍ ഒരു ശതകോടീശ്വരന്‍ മന്ത്രിയാകുന്നത് വിവിധ മേഖലകളില്‍ നിന്നും അന്നുതന്നെ മുറുമുറുപ്പിന് കാരണമാകുകയും ചെയ്തു. ആഢംബരക്കാറില്‍ കറങ്ങുന്ന ഈ ജനപ്രതിനിധിക്കൊപ്പം എന്നും വിവാദങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അധികാരത്തില്‍ അധികനാള്‍ ചാണ്ടി ഉണ്ടാകില്ലെന്ന നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് കെ കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയില്‍ അധികാര രാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു ചാണ്ടി. 1970ല്‍ കെഎസ്യുവിന്റെ കുട്ടനാട് യൂണിറ്റ് അധ്യക്ഷനായിരുന്ന ചാണ്ടി പിന്നീട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷമായിരുന്നു 1996ലെ രാഷ്ട്രീയ പുനഃപ്രവേശം. ആയിടയ്ക്കാണ് കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചത്. സ്വാഭാവികമായും തോമസ് ചാണ്ടിയും ഒപ്പം പോയി. പിന്നീട് ഡിഐസി, എന്‍സിപിയില്‍ ലയിച്ചു. കരുണാകരന്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ചാണ്ടി എന്‍സിപിയില്‍ തുടര്‍ന്നു.
കരുണാകരന്റെ ആശിര്‍വാദത്തോടെ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ ഡോ. കെ സി ജോസഫിനെ പരാജയപ്പെടുത്തി ആദ്യമായി ചാണ്ടി നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ കുത്തകയാണ് ഇവിടെ ചാണ്ടിയിലൂടെ എന്‍സിപി തകര്‍ത്തത്. പണത്തിന്റെ വിജയമായാണ് ചാണ്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അന്ന് വിലയിരുത്തപ്പെട്ടത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യുഡിഎഫിലെത്തിയപ്പോള്‍ എന്‍സിപി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. ഇക്കുറിയും കെ സി ജോസഫിനെ കാത്തിരുന്നത് പരാജയം തന്നെയായിരുന്നു. 2016ലും കുട്ടനാട്ടില്‍ വിജയിച്ച തോമസ് ചാണ്ടി തനിക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനം വ്യക്തമാക്കുകയും ചെയ്തു. അതോടെ പണത്തിന്റെ സ്വാധീനമെന്ന ആരോപണത്തിന് പൂട്ടിടാനും ചാണ്ടിക്ക് സാധിച്ചു.
എന്നാല്‍ ഇത്തവണ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ സ്വയം മന്ത്രിയായി പ്രഖ്യാപിച്ചാണ് ചാണ്ടി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതും ജലസേചന വകുപ്പ് തന്നെ താന്‍ കൈകാര്യം ചെയ്യുമെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടു. മൂന്നാം തവണയും കുട്ടനാട്ടില്‍ താന്‍ തന്നെ ജനവിധി തേടുമെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ താനായിരിക്കും ജലസേചന മന്ത്രിയെന്നും ചാണ്ടി ഒരു പരിപാടിയ്ക്കിടയില്‍ പ്രഖ്യാപിച്ചത് അല്‍പ്പം കടന്നുപോയെന്ന് എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു. എന്നിട്ടും ചാണ്ടിയ്ക്ക് വേണ്ടി സിപിഎം നേതാക്കള്‍ ഒന്നടങ്കം കുട്ടനാട്ടില്‍ പ്രചരണം നടത്തി. ചാണ്ടിയും എല്‍ഡിഎഫും തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിയാകുമോയെന്നായി എല്ലാവരുടെയും ശ്രദ്ധ. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ പണക്കാരന്‍ മന്ത്രി വേണ്ടെന്ന പിണറായി വിജയന്റെ തീരുമാനം ചാണ്ടിക്ക് തിരിച്ചടിയായി. എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായിരുന്ന എകെ ശശീന്ദ്രന്‍ മന്ത്രിയാകുകയും ചെയ്തു.
വിദേശത്തെ ബിസിനസ് തിരക്ക് മൂലം മറ്റാരെങ്കിലും മന്ത്രിയായാല്‍ പാര്‍ലമെന്ററി ലീഡര്‍ എന്ന നിലയില്‍ താന്‍ തന്നെയായിരിക്കും ഭരണം നിയന്ത്രിക്കുകയെന്നും ചാണ്ടി നേരത്തെ തന്നെ പറഞ്ഞിരുന്നു. ചാണ്ടി വീണ്ടും കുവൈറ്റിലേക്ക് മടങ്ങി. പിന്നീട് ഏപ്രില്‍ ഒന്നിന് മന്ത്രിയാകാനാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെയും ചികിത്സ ചെലവിനായി ഏറ്റവുമധികം തുക ചെലവഴിച്ച എംഎല്‍എയാണ് തോമസ് ചാണ്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടി രൂപയാണ് ചികിത്സാ ചെലവിനായി ഈ എംഎല്‍എ പൊതുഖജനാവില്‍ നിന്നും വാങ്ങിയത്. അതേസമയം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഇതുവരെ ചികിത്സയ്ക്കായി ഏറ്റവുമധികം തുക ചെലവിട്ടതും തോമസ് ചാണ്ടി തന്നെ. അധികാരത്തില്‍ കയറി പത്തുമാസം പിന്നിടുമ്പോള്‍ രണ്ടു കോടിയോളം രൂപ ചികിത്സയ്ക്കായി ചാണ്ടി സംസ്ഥാന ഖജനാവില്‍ നിന്നും കൈപറ്റികഴിഞ്ഞു.
എന്നാല്‍ ഈ ധൂര്‍ത്ത് എഴുതി തള്ളിയാലും അതിനേക്കാള്‍ ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ ചാണ്ടിയ്ക്ക് നേരെയുണ്ട്. അത്ര നിസാരമായി അതിനെ കാണാന്‍ സാധിക്കുമൊ. ഒന്ന് കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തട്ടിപ്പിന്റെ പേരില്‍ തോമസ് ചാണ്ടി ശിക്ഷിക്കപ്പെട്ടിരുന്നു. കുവൈറ്റ് സ്‌കൂള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് മലയാളികളില്‍ ഒരാളായിരുന്നു കുവൈറ്റ് ചാണ്ടി. എട്ട് വര്‍ഷം തടവും പിഴയും ഇവര്‍ക്ക് ശിക്ഷയായി വിധിക്കുകയും ചെയ്തു. മന്ത്രി സ്ഥാനം ചാണ്ടി നേടിയപ്പോള്‍ തന്നെ വെളിമൂങ്ങകളുടെ രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ട് നടന്‍ ജോയ് മാത്യു രംഗത്ത് എത്തിയിരുന്നു.
ചാണ്ടിയ്ക്ക് നേരെ നില്‍ക്കുന്ന രണ്ടാമത്തെ ആരോപണം കേരള രാഷ്ട്രീയത്തില്‍ എന്നും കോളിളക്കങ്ങള്‍ക്ക് സാധ്യതയുള്ള കിളിരൂര്‍ സ്ത്രീ പീഡനക്കേസാണ്. കൂട്ടബലാത്സംഗത്തിനിരയാകുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കിളിരൂര്‍ കേസിലെ ഇരയുടെ മൊഴിയിലും കേസന്വേഷണ രേഖകളിലും തോമസ് ചാണ്ടിയുടെ പേരുണ്ട്. 2004ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് ശാരി മൊഴി നല്‍കിയിരുന്നു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ നടത്തിയ വിഐപി പരാമര്‍ശം തോമസ് ചാണ്ടിയെ ലക്ഷ്യം വച്ചായിരുന്നെന്നും ആരോപണം ഉയര്‍ന്നു. കേസിലെ മുഖ്യപ്രതി ലത നായരാണ് ശാരിയെ ചാണ്ടിയുടെ റിസോര്‍ട്ടിലെത്തിച്ചത്. തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും ‘പോയി ശരീരം നന്നാക്കി വരാന്‍’ പറഞ്ഞിരുന്നെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി നിവധി തവണ താന്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ശാരിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. കൂടാതെ ഈ കേസില്‍ ഗുരുതര ആരോപണം അന്വേഷണ സംഘത്തിനെതിരെ ശാരിയുടെ കുടുംബം ഉയര്‍ത്തിയിരുന്നു.
കിളിരൂര്‍ കേസില്‍ വിഐപി ഇല്ലെന്നും തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തെന്നുമാണ് കേസ് ആന്വേഷിച്ച ആര്‍ ശ്രീലേഖ അന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖ, ശാരിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയില്ലെന്നും മാതാപിതാക്കള്‍ അന്നേ ആരോപിച്ചിരുന്നു. കേസന്വേഷണത്തിനിടെ തോമസ് ചാണ്ടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന, മികച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈറ്റില്‍ പോയിരുന്നെന്നും മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ ശാരി 2004 ഓഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയം മാതാ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു.
മണ്ഡലത്തില്‍ കാണാറില്ലാത്ത എംഎല്‍എ എന്ന ചീത്തപ്പേര് സ്വന്തമാക്കിയ എംഎല്‍എകൂടിയാണ് ചാണ്ടി. കൂടാതെ എം എല്‍എ ഹോസ്റ്റലില്‍ ഒരിക്കല്‍ പോലും താമസിക്കാതെ ആഡംബര ഹോട്ടലുകളില്‍ താമസിച്ച്, വിലകൂടിയ കാറില്‍ ചുറ്റിക്കറങ്ങുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടി. ഏതായാലും കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം കുട്ടനാടിന് ലഭിച്ച ആദ്യ മന്ത്രിയെന്ന പ്രത്യേകത തോമസ് ചാണ്ടിയ്ക്കുണ്ട്. ആലപ്പുഴയ്ക്ക് ഈ മന്ത്രിസഭയില്‍ ഇതോടെ നാലാമത്തെ മന്ത്രിയാകുകയും ചെയ്തു.
നല്ലൊരു ബിസിനസുകാരന്‍ എന്ന നിലയില്‍ പേരെടുത്ത തോമസ് ചാണ്ടി മോഹിച്ച ജലവകുപ്പ് കിട്ടിയില്ലെങ്കിലും ഒരു രൂപ പോലും കടമെടുക്കാതെയാണ് തന്റെ ബിസിനസുകളെല്ലാം മുന്നോട്ട് കൊണ്ട് പോകുന്ന ഇദ്ദേഹം കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ അദ്ദേഹം ലാഭത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്വയം വളരാനല്ലാതെ ഗതാഗത വകുപ്പിനെ ഒരു വിധത്തിലും വളര്‍ത്താന്‍ ഈ മന്ത്രി തയ്യാറല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോപണ വിധേയനായ മന്ത്രി ബാബുവിന്റെ രാജി ആവശ്യപ്പെടാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് എല്‍ഡിഎഫ്. ഈ മന്ത്രിസഭയിലും ഇ പി ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് പിണറായി രാജിവയ്പ്പിക്കുകയും ചെയ്തു. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് പിണറായി മലക്കം മറിയുന്നതെന്ന് വ്യക്തമല്ല. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കളക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ചാണ്ടിയുടെ ഭരണം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നു തോന്നി. മുഖം രക്ഷിക്കാന്‍ ശശീന്ദ്രനെ ബലി കൊടുത്ത പിണറായി കുവൈറ്റ് ചാണ്ടിയെ ഭയക്കുന്നു. അതെന്തിനാണെന്ന് മനസിലാകാതെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍. വിമര്‍ശങ്ങള്‍ ശക്തമാകുമ്പോഴും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ചാണ്ടിയുടെ അട്ടഹാസങ്ങളില്‍ മൗനമായി ഒളിച്ചിരിക്കുന്ന പിണറായിയെ ആരും കാണുന്നില്ല.
Post Your Comments