ചെന്നൈ•തമിഴ്നാട്ടിലെ കാട്പടിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രണ്ട് പട്ടിക്കുട്ടികളെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവം.
മൃഗക്ഷേമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവസാനവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിശേഷ് അയ്യങ്കാര്‍ എന്നയാള്‍ക്കെതിരെ കാട്പടി പോലീസ് കേസെടുത്തിട്ടുണ്ട്.
കാട്പടി വൈഭവ് നഗറിലെ താമസക്കാരനായ ഒരാള്‍ കുറച്ച് ദിവസം മുന്‍പ് ഒരുമാസം പ്രായമായ പട്ടിക്കുട്ടിയെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ടിരുന്നു. ഗുരുതരമായി മുറിവേറ്റ പട്ടിക്കുട്ടിയെ ഇയാള്‍ രക്ഷിച്ച് വീട്ടില്‍ കൊണ്ട് വരുകയും മതിയായ ചികിത്സകള്‍ നല്‍കി രക്ഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ പട്ടിക്കുട്ടി ഇയാളുടെ കുടുംബത്തിന്റെ ഭാഗമായി മാറി.
കഴിഞ്ഞ ശനിയാഴ്ച വീടിനു പുറത്തേക്ക് ഓടിപ്പോയ പട്ടിക്കുട്ടി വിശേഷിന്റെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ എത്തി. പട്ടിയെ ടെറസിന് മുകളിലേക്ക് കൊണ്ടുപോയ വിശേഷ് അതിനെ താഴേക്ക് എറിയുകയായിരുന്നു. അത് തല്‍ക്ഷണം മരിക്കുകയും ചെയ്തു.
വിശേഷ് ഇതുപോലെ മറ്റൊരു പട്ടിക്കുട്ടിയെയും കൊന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. ആദ്യത്തെ പട്ടിയെ കൊന്നശേഷം “ഒരെണ്ണം താഴേക്ക് പോയി, ഇനി ഒന്ന്കൂടിയുണ്ട്” എന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിശേഷ് പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇയാള്‍ വേറെയും പട്ടികളെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നതിന്റെ തെളിവാണെന്നും ഇവര്‍ പറഞ്ഞു.
തന്റെ വസ്ത്രത്തില്‍ മൂത്രമൊഴിച്ചതിനാണ് പട്ടികളെ കൊന്നതെന്നാണ് വിശേഷ് പറയുന്ന ന്യായം. .നായയെ താനാണ് കൊന്നതെന്ന് സമ്മതിച്ച വിശേഷ് തനിക്ക് കുറ്റബോധമില്ലെന്നും, താന്‍ മനുഷ്യനെയല്ല കൊന്നതെന്നുമാണ് പ്രതികരിച്ചത്.
Post Your Comments