ന്യൂയോര്‍ക്ക് : അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തെ ദെയ്ഷ് എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് യു.എസിലേയ്ക്കുള്ള വിദേശികളുടെ യാത്രാനിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കി.
ഭീകരസംഘടനയായ ഐഎസില്‍ ആകൃഷ്ടനായ ഉസ്ബക് വംശജനായ യുവാവാണ് നഗരത്തില്‍ ഹാലോവിന്‍ ആഘോഷത്തിനിടെ, സൈക്കില്‍, ബൈക്ക് പാതയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയത്. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
9/11നു ശേഷം ന്യൂയോര്‍ക്കിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. ന്യൂയോര്‍ക്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണു മന്‍ഹാറ്റന്‍. ആദ്യം നടപ്പാതയിലേക്കു പാഞ്ഞുകയറിയ ട്രക്ക് പിന്നീടു സൈക്കിള്‍ പാതയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സ്‌കൂള്‍ ബസ്സില്‍ ട്രക്ക് ഇടിച്ചുനിന്നതോടെ പുറത്തിറങ്ങിയ യുവാവ് തോക്ക് ചൂണ്ടി ആളുകളെ വിരട്ടി. പൊലീസ് ഇയാളെ വെടിവച്ചു വീഴ്ത്തിയശേഷം അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. ഇയാളുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്നു തെളിഞ്ഞു.
സംഭവം ഭീകരാക്രമണമാണെന്നു ന്യൂയോര്‍ക്ക് സിറ്റി മേയര്‍ പറഞ്ഞു. ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുഎസിലേക്കുള്ള വിദേശികളുടെ യാത്രാനിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുമെന്നു വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ അര്‍ജന്റീനക്കാരാണ്. ഒരു ബെല്‍ജിയം പൗരനുമുണ്ട്. 11 പേര്‍ക്കു പരുക്കേറ്റു. 2010ല്‍ ആണ് ഉസ്ബക്കുകാരനായ സൈഫുല്ല സായ്‌പോവ് (29) യുഎസ്സിലെത്തിയത്. ഇയാള്‍ ഊബര്‍ ഡ്രൈവറായിരുന്നുവെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് പൊലീസിനു പുറമേ എഫ്ബിഐയും അന്വേഷിക്കുന്നുണ്ട്.
2010 ലാണ് ഉസ്ബക്കിസ്ഥാന്‍കാരനായ സായ് പോവ് നിയമപരമായ യാത്രാരേഖകളുമായി അമേരിക്കയിലേയ്ക്ക് എത്തിയത്. ന്യൂജഴ്‌സിയില്‍ പിക്ക്-അപ്പ് വാമിന്റെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. പിന്നീട് ഐ.എസിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി പതുക്കെ ഐ.എസിലേയ്ക്ക് മാറുകയാണ് ഉണ്ടായതെന്ന് എഫ്ബി ഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മാത്രമല്ല ഉസ്‌ബെക്കിസ്ഥാനില്‍ ഭൂരിഭാഗം പേരും ഇസ്ലാം മതവിശ്വാസികളാണ് സോവിയറ്റ് യൂണിയന്റേയും അഫ്ഗാനിസ്ഥാന്റേയും ബോര്‍ഡര്‍ കൂടിയാണ് ഉസ്ബക്കിസ്ഥാന്‍. അതുകൊണ്ടുതന്നെ അമേരിക്കയോട് കൂടുതല്‍ വിരോധം ഉണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ മൂവായിരത്തോളം പേരാണു ന്യൂയോര്‍ക്കില്‍ കൊല്ലപ്പെട്ടത്. തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളുടെ സ്ഥാനത്താണു വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ പുനര്‍നിര്‍മിച്ചത്. 2016 ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 86 പേരാണു കൊല്ലപ്പെട്ടത്. 2016 ഡിസംബറില്‍ ബര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. മൂന്നുമാസത്തിനുശേഷം ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിജില്‍ നടപ്പാതയിലേക്കു കാറോടിച്ചുകയറ്റി നാലുപേരെ കൊലപ്പെടുത്തി.
Post Your Comments