കാസര്‍കോട്: ഏഴ് വര്‍ഷം മുമ്പ് കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ചെമ്പിരിക്ക -മംഗളൂരു ഖാസി സി.എം. അബ്ദുല്ല മൗലവിയുടേത് ആത്മഹത്യയല്ലെന്ന് തെളിയുന്നു. അത് കൊലപാതകമാണെന്നും കൊലപാതകത്തെ കുറിച്ച് കാസര്‍ഗോഡുള്ള യുവ രാഷ്ട്രീയ നേതാവിന് അറിയാമെന്ന് പി.ഡി.പി നേതാക്കള്‍ പറയുന്നു.
എന്നാല്‍ അബ്ദുല്ല മൗലവിയുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന നിലപാടില്‍ സി.ബി.ഐ കേസ് അവസാനിപ്പിച്ചിരുന്നു. 2010 ഫെബ്രവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്തെിയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ പാറക്കെട്ടില്‍നിന്ന് മൗലവിയുടെ ചെരിപ്പ്, കണ്ണട എന്നിവ കണ്ടെത്തിയിരുന്നു. രോഗബാധിതനായ ഒരാള്‍ക്ക് പരസഹായമില്ലാതെ ഇത്രയും ദൂരം ഒറ്റക്ക് നടന്ന് പാറക്കെട്ടിന് മുകളില്‍ കയറിച്ചെല്ലാന്‍ കഴിയുമോ എന്നത് ചോദ്യമായി അവശേഷിച്ചിരുന്നു.
കാസര്‍ഗോഡുള്ള യുവനേതാവിനെചോദ്യംചെയ്യുകയോ നുണപരിശോധന നടത്തുകയോ ചെയ്താല്‍ നിര്‍ണായകവിവരങ്ങള്‍ ലഭിക്കും. എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നും അവര്‍ പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാന്‍ സഹായമഭ്യര്‍ഥിച്ച് യുവനേതാവിന്റെ വീട്ടില്‍ 2014 നവംബര്‍ 26ന് ചര്‍ച്ച നടത്തിയിരുന്നു.
ഖത്തറില്‍ നടന്ന ഹോട്ടല്‍ കൈമാറ്റം, ഹവാല ഇടപാടുകള്‍ എന്നിവയുമായി സംഭവത്തിന് ബന്ധമുണ്ട്. അന്തര്‍സംസ്ഥാന കുറ്റവാളികളുടെ ഇടപെടലുകളും കേസില്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജി എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചാല്‍ അടുത്തദിവസംതന്നെ തെളിവുകള്‍ കോടതിക്ക് കൈമാറുമെന്നും നേതാക്കള്‍ പറഞ്ഞു. ചെമ്പിരിക്ക -മംഗലാപുരം ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണ കേസില്‍ അന്തിമ റിപ്പോര്‍ട്ടിന്മേല്‍ വിധി പറയുന്നത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നവംബര്‍ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട് .
ഖാദിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അശ്‌റഫ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അതേസമയം ശബ്ദരേഖയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ആദൂര്‍ സ്വദേശി അശ്‌റഫിനെ പിന്നീടാരും കണ്ടിട്ടില്ല.
കഴിഞ്ഞ ജനുവരി 25നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വിദഗ്ധരുടെ നിരീക്ഷണങ്ങള്‍എന്നിവ പരിഗണിക്കുമ്പോള്‍ കൊലപാതക സാധ്യതയില്ലെന്നും ആത്മഹത്യാ പ്രേരണക്ക് തെളിവില്ലെന്നും വ്യക്തമാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്ന മുന്‍ നിലപാട് സിബിഐ അടുത്ത റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിരുന്നു.
മൗലവി മംഗളൂരു-കാസര്‍കോട് മേഖലയിലെ 140ഓളം മഹല്ലുകളുടെ ഖാദിയായിരുന്നു. കരളിന് കാന്‍സര്‍ ബാധയുണ്ടായിരുന്നെങ്കിലും മതപരമായ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്നാണ് പൊതുവേ ഉരുന്ന അഭിപ്രായം. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റിരുന്ന മൗലവിയുടെ വീട്ടിലുള്ളവര്‍ മൗലവി മരിച്ച ദിവസം രാവിലെ 10 വരെ ഉണരാതിരുന്നത് എന്തുകൊണ്ടാണെന്നതും സംശയത്തിന് ഇടനല്‍കുന്നു. വീട്ടിലുള്ളവരെ എന്തെങ്കിലും തരത്തില്‍ ഉറക്കിക്കിടത്തിയിരിക്കാമെന്ന സംശയം കോടതി പോലും ഉന്നയിച്ചിരുന്നു. ആദ്യം ബേക്കല്‍ പൊലീസ് അന്വേഷിച്ച കേസ്, ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷമാണ് സിബിഐയുടെ കൈയിലത്തെിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അഡീഷണല്‍ എസ്പിയായിരുന്ന നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലെ സംഘമാണ് മൗലവി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തോടെ അന്വേഷണം അവസാനിപ്പിച്ചത്.
Post Your Comments