ആലപ്പുഴ: സ്വന്തം റിസോര്‍ട്ടിലേക്കു റോഡ് വെട്ടാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് അനുവദിപ്പിച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ മണ്ഡലത്തില്‍ നാട്ടുകാർ ഇപ്പോഴും മണ്‍റോഡിലും പൊട്ടിപൊളിഞ്ഞ റോഡുകളിലും അതുമല്ലെങ്കിൽ തടി പലകയിലുള്ള പാലങ്ങളിലുമാണ് യാത്ര. ആയിരക്കണക്കിനുപേര്‍ക്ക് ആശ്രയമാകേണ്ട ഒരു പാലത്തിനായി നാട്ടുകാര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി. കുട്ടനാട്ടിലെ തകഴി പഞ്ചായത്തില്‍ എടത്വാ ചെക്കിടിക്കാട് മൂലയിലാണു പണിതീരാത്ത പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രം അവശേഷിക്കുന്നത്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനായി നിര്‍മിച്ച വലിയകുളം-സീറോ ജെട്ടി റോഡ് പ്രൗഢിയോടെ ജയിപ്പിച്ചുവിട്ട ജനത്തെ കൊഞ്ഞനംകുത്തുന്ന വിധത്തില്‍ കിടക്കുമ്പോൾ നാട്ടുകാർ ചെളിക്കുണ്ടിലും ഗട്ടറിലും യാത്ര ചെയ്യുന്നു. രണ്ട് എം.പിമാരുടെയും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെയും ഫണ്ടില്‍നിന്നു ലക്ഷങ്ങള്‍ ചെലവഴിച്ചാണു റിസോര്‍ട്ടിന്റെ ഗേറ്റ് വരെ മാത്രം റോഡ് ടാര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ എം.പിയുടെയും സി.പി.ഐ. നേതാവ് കെ.ഇ. ഇസ്മയില്‍ എം.പിയുടെയും പ്രാദേശികവികസന ഫണ്ട് ഇതിനായി ഉപയോഗിച്ചു.
ഈ മേഖലയിലുള്ള എട്ടു വീട്ടുകാരുടെ പേരു പറഞ്ഞാണ് റോഡിനു പണം അനുവദിപ്പിച്ചത് എന്നതാണു വിചിത്രം. നാലു മീറ്ററായിരുന്നു സീറോ ജെട്ടിവരെയുള്ള റോഡിന്റെ വീതി. എന്നാല്‍ റിസോര്‍ട്ട് വരെയുള്ള റോഡിന് ഏഴു മീറ്റര്‍ വരെ വീതി അനധികൃതമായി പടം കയ്യേറി നികത്തിയുണ്ടാക്കിയതാണെന്നു കളക്ടർ റിപ്പോർട്ടിൽ ഉണ്ട്.എടത്വാ, തകഴി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂലയില്‍ പാലം 20 വര്‍ഷം മുൻപാണ് നിര്‍മാണം ആരംഭിച്ചത്.
ഈ പാലം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരന്തരം തോമസ് ചാണ്ടി എം.എല്‍.എയ്ക്കു നിവേദനം നല്‍കി. എന്നാല്‍, എസ്റ്റിമേറ്റ് തയാറാക്കിയതല്ലാതെ തുടര്‍നടപടിയുണ്ടായില്ല.
Post Your Comments