ദില്ലി : എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചതിന് പിന്നാലെ എംപി ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് സ്‌കീം (എംപിഎല്‍ഡിഎസ്) ഫണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ (ഭേദഗതി) ബില്‍, 2020, ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ്, ടിഎംസി, ബിജെഡി, എന്‍സിപി, ടിആര്‍എസ്, ടിഡിപി, മറ്റ് പാര്‍ട്ടികള്‍ എന്നിവര്‍ ഫണ്ട് പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി രംഗത്തെത്തി.
എംപിഎല്‍ഡിഎസിന് കീഴില്‍ ഓരോ എംപിക്കും അവരുടെ നിയോജകമണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രതിവര്‍ഷം 5 കോടി രുപ ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍, 2020-21, 2021-22 എന്നീ രണ്ട് വര്‍ഷത്തേക്ക് എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. പണം സര്‍ക്കാരിന്റെ ഏകീകൃത ഫണ്ടിലേക്ക് മാറ്റും.
എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ പുനഃസ്ഥാപിക്കുന്നതിനായി ശക്തമായി വാദിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗാത റോയ് ആയിരുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം എടുത്തുകളയാമെന്നും എന്നാല്‍ ഫണ്ട് തിരികെ നല്‍കണമെന്നും വലിയ ചെലവുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഗൗരവമായി പുനഃപരിശോധിക്കണമെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ബിജെഡി എംപി പിനാക്കി മിശ്ര പറഞ്ഞു.
എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗം മിഥുന്‍ റെഡ്ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെലങ്കാന രാഷ്ട്ര സമിതി എംപി നാമ നാഗേശ്വര റാവു ഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഫണ്ട് അപഹരിക്കരുതെന്ന് തെലുങ്ക് ദേശം പാര്‍ട്ടി അംഗം ജയദേവ് ഗല്ല പറഞ്ഞു.
ഫണ്ടുകള്‍ പുനഃസ്ഥാപിക്കാന്‍ എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്, അതിനാല്‍ ഇക്കാര്യത്തില്‍ ‘എന്തുകൊണ്ട് നമ്മള്‍ ഏകകണ്ഠമായ പ്രമേയം പാസാക്കുന്നുവെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 93 ശതമാനം ഫണ്ടും അംഗങ്ങള്‍ വിനിയോഗിച്ചതായും ഇതില്‍ ഭൂരിഭാഗവും എസ്സി, എസ്ടി, ഗ്രാമീണരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതായും ചൗധരി പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുമ്പോള്‍ എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ്. അതിനാല്‍ തന്നെ ഈ ഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആം ആദ്മി എംപി ഭഗവന്ത് മാന്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എംപി നവനീത് രവി റാണ, ബിഎസ്പിയുടെ റിതേഷ് പാണ്ഡെ, എയിമിന്റെ എസ്‌ഐ ജലീല്‍ എന്നിവര്‍ സഭയോട് ആവശ്യപ്പെട്ടു.
Post Your Comments