ശീതയുദ്ധ കാലത്ത് അമേരിക്കൻ രഹസ്യാന്യോഷണ ഏജൻസിയെ സഹായിച്ച മർജാര ചാരന്മാരെ പരിചയപ്പെടാം. ഏറ്റവും അപകടകരമായ തൊഴിലുകളിലൊന്നാണ് ചാരപ്പണി. ലോക ചരിത്രത്തിൽ പലപ്പോഴും ചാരപ്പണിക്ക് മനുഷ്യരെക്കൂടാതെ മറ്റു ജീവികളെ ഉപയോഗിച്ചതിന്റെ നിരവധി തെളിവുകളുണ്ട്. അത്തരത്തിലൊന്നിതാണ് ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് അമേരിക്കൻ രഹസ്യാന്യോഷണ ഏജെൻസിയായ CIA “Operation Acoustic kitty” എന്ന പേരിൽ ഒരു പുതിയ രഹസ്യാന്യോഷണ പദ്ധതി ആവിഷ്കരിച്ചത്.
1961ൽ ഈ പ്രൊജക്റ്റ് ആരംഭിച്ചു, തുടർന്ന് ഒരു പൂച്ചയെ ആളുകളുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാൻ പരിശീലിപ്പിക്കുകയും, പിന്നീട് ഇതിന്റെ ശരീരത്തിനുള്ളിൽ ശസ്ത്രക്രിയവഴി അത്യാധുനിക റേഡിയോ ട്രാൻസ്മിറ്റിങ്ങ് ഉപകരണങ്ങൾ ഘടിപ്പികുകയും ചെയ്തു. റേഡിയോ ട്രാന്സ്മിറ്റിങ്ങ് ഉപകരണങ്ങൾ ഘടിപ്പിച്ച, പ്രത്യേക പരിശീലനം നല്കിയ പൂച്ചകളെ സോവിയറ്റ് യുണിയനെതിരെ ചാരപ്രവർത്തനത്തിനുപയോഗിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ഈ ഉപകരണങ്ങൾ വഴി പൂച്ചയ്ക്ക് അതിന്റെ ചുറ്റുവട്ടത്തുള്ള സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനും ട്രാൻസ്മിറ്റ് ചെയ്യാനും കഴിഞ്ഞിരുന്നു.
ഈ ചാര പൂച്ചകൾക്കുണ്ടായിരുന്ന ഒരു പ്രധാന പ്രശ്നം, വിശന്നു കഴിഞ്ഞാൽ അത് സ്വന്തം കാര്യം നോക്കി പോകുമെന്നതായിരുന്നു. ഏതാണ്ട് 15 മില്യണ്‍ US$ ( ഇന്ഫ്ലേഷൻ കണക്കിലെടുത്താൽ ഇന്നത്തെ 500കോടി രൂപ) മുടക്കി അഞ്ചു വർഷത്തെ പഠനങ്ങൾക്കും പരിശീലനത്തിനും ശേഷം 1966ൽ ആദ്യത്തെ ചാര പൂച്ച ഫീൽഡ് ടെസ്റിന് തയ്യാറായി. വാഷിങ്ങ്ടണ്‍ ഡി സി യിലെ വിസ്കോണ്‍സിൻ അവെന്യുവിലെ സോവിയറ്റ് എംബസ്സി ഉദ്യോഗസ്ഥരായിരുന്ന രണ്ടുപേരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ച് റെക്കോർഡ് ചെയ്യുക എന്നതായിരുന്നു പൂച്ചയുടെ ആദ്യ ദൗത്യം.
അതിനായി എംബസി സ്ഥിതി ചെയ്യുന്ന തെരുവിനടുത്തായി പൂച്ചയെ വിട്ടു, എന്നാൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു ടാക്സി വന്നിടിച്ച് പൂച്ച കൊല്ലപ്പെട്ടു. നിമിഷങ്ങൾക്കകംതന്നെ CIA ഏജെന്റുമാർ എത്തി പൂച്ചയുടെ ശവം നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് മറ്റൊരു പൂച്ചയെ പരിശീലിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. ആശയപരമായി മികച്ചതായിരുന്നെങ്കിലും പ്രായോഗിക തലത്തിൽ ഒരു പരാജയമാണെന്ന് കണ്ടതിനെ തുടർന്ന് 1967ൽ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 2001ൽ CIA ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ declassify ചെയ്തതിനെതുടർന്ന് ഇതിനെക്കുറിച് പുറംലോകം അറിഞ്ഞു.
Post Your Comments