വാഷിംഗ്ടൺ: റഷ്യ ഉക്രൈനിൽ നേരിടുന്ന കനത്ത പ്രതിരോധം, തായ്‌വാൻ അധിനിവേശത്തെക്കുറിച്ചുള്ള ചൈനയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നുവെന്ന് അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി. സംഘടനാ മേധാവിയായ വില്യം ബേൺസാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
എളുപ്പത്തിൽ ചെറിയ രാജ്യമായ ഉക്രൈൻ കീഴടക്കാമെന്ന കണക്കുകൂട്ടലോടു കൂടിയാണ് റഷ്യ ഫെബ്രുവരി അവസാനത്തോടെ ഉക്രൈനിൽ അധിനിവേശം ആരംഭിച്ചത്. എന്നാൽ, കനത്ത പ്രതിരോധമാണ് റഷ്യൻ സൈനികർക്ക് ഉക്രൈനിൽ നേരിടേണ്ടി വന്നത്. ചുരുങ്ങിയ ചെലവിൽ, റഷ്യൻ സൈന്യത്തിന് കനത്ത നാശം വരുത്താവുന്ന ആയുധങ്ങൾ യൂറോപ്യൻ സഖ്യങ്ങളും അമേരിക്കയും ഉക്രൈന് നൽകിയിരുന്നു. ഇത് റഷ്യൻ ട്രൂപ്പുകൾക്ക് കനത്ത നാശം വിതച്ചു.
നിലവിൽ, അധിനിവേശം ആരംഭിച്ച് എഴുപതിലധികം ദിവസം പിന്നിട്ടിട്ടും റഷ്യയ്ക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ, ചെറിയ രാഷ്ട്രമായ തായ്‌വാനെ എളുപ്പം കീഴടക്കാമെന്ന വൻശക്തിയായ ചൈനയുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുകയാണ്. കനത്ത പ്രതിരോധം തന്നെ തായ്‌വാനിൽ നേരിടേണ്ടി വരുമെന്നാണ് ചൈന ഈ സംഭവത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് സിഐഎ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments