ആഗ്ര•ആഗ്രയിലെ ചരിത്ര സ്മാരകമായ താജ്മഹലില്‍ വെള്ളിയാഴ്ച നമസ്കാരം നിരോധിക്കണമെന്ന് ആര്.എസ്.എസിന്റെ ചരിത്ര വിഭാഗം ആവശ്യപ്പെട്ടു.
താജ്മഹല്‍ ദേശീയ പൈതൃകമാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് അവിടം മതപരമായ സ്ഥലമായി ഉപയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയുടെ നാഷണല്‍ ഓര്ഗനൈസേഷന് സെക്രട്ടറി ഡോ.ബാല്‍മുകുന്ദ് പാണ്ഡേ പറഞ്ഞു.
താജ്മഹലില്‍ നിസ്കാരം നടത്താനുള്ള അനുമതി പിന്‍വലിക്കണമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ പാണ്ഡേ പറഞ്ഞു.
താജ്മഹലില്‍ നമസ്കാരം അനുവദിക്കുകയാണെങ്കില്‍ അവിടെ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥന നടത്താനും അനുമതി നല്‍കണം. ശവകുടീരങ്ങളോ മറ്റു കെട്ടിടങ്ങളോ നിര്‍മ്മിക്കാന്‍ വേണ്ടി മുസ്ലിം ഭരണാധികാരികള്‍ തകര്‍ത്ത എല്ലാ ചരിത്ര സ്മാരകങ്ങളുടെയും പട്ടിക തങ്ങളുടെ സംഘടന തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും പാണ്ഡേ അവകാശപ്പെട്ടു.
താജ്മഹല്‍ ഇപ്പോള്‍ വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനയ്ക്കായി അടച്ചിടാറുണ്ട്.
താജ്മഹലില്‍ ‘ശിവ് ചാലിസ’ ചൊല്ലിയതിന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടിയിലായതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനയുടെ പ്രസ്താവന വന്നിരിക്കുന്നത്. താജ്മഹലില്‍ ശിവ പ്രാര്‍ത്ഥന അനുവദിക്കണമെന്നാണ് ഹിന്ദു യുവവാഹിനിയുടേയും ആവശ്യം. ഇവര്‍ പിന്നീട് അധികൃതര്‍ക്ക് മാപ്പ് എഴുതി നല്‍കിയതായും മാധ്യമ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ദേശീയ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ ചരിത്രം എഴുതുകയോ മാറ്റിയെഴുതുകയോ ചെയ്യുക എന്നതാണ് അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയുടെ സ്ഥാപിത ലക്ഷ്യം.
Post Your Comments