നേമം : അയല്‍വാസികളായ സ്ത്രീകളുടെ വഴക്ക് ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. അവസാനം പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ ചൂരലുകൊണ്ട് അടിച്ചതായി പരാതി. അയല്‍വാസിയായ സ്ത്രീ ചുടുകട്ട എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ സംഭവത്തില്‍ പരാതിയുമായെത്തിയ യുവതിയെ ആണ് എസ്.ഐ ചൂരലുകൊണ്ട് മര്‍ദിച്ചതായി പറയുന്നത്
കൈത്തറി നെയ്ത്തു തൊഴിലാളിയായ പുന്നമൂട്, കൊല്ലംവിളാകം വീട്ടില്‍ അനില്‍ കുമാറിന്റെ ഭാര്യ മായയെ ആണ് (31) എസ് ഐ കാല്‍പാദത്തില്‍ അടിച്ചത്. മേലുദ്യോഗസ്ഥര്‍ക്കും എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലിനുമാണ് മായ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെ ഏറു കൊണ്ട് പരിക്കേറ്റന്ന പരാതിയുമായാണ് മായ നേമം പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് മായയോട് ചികിത്സയ്ക്ക് നിര്‍ദേശിച്ച എസ്.ഐ ആവശ്യപ്പെടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ മായ പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഇവരെ എറിഞ്ഞ അയല്‍വാസിയായ സ്ത്രീ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതറിഞ്ഞ എസ്.ഐ മായയെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്റെ മൂലയ്ക്കിരുത്തി കാല്‍പാദത്തില്‍ ചൂരല്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പോലീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അയല്‍വാസികളായ രണ്ട് സ്ത്രീകളും തമ്മില്‍ വഴക്കും പ്രശ്‌നങ്ങളും പതിവായിരുന്നുവെന്നും ഇത് പരിഹരിക്കാന്‍ സ്റ്റേഷനില്‍ വിളിപ്പിക്കുകയാണുണ്ടായതെന്നുമാണ് പോലീസിന്റെ വാദം.
നെയ്തു തൊഴിലാളിയായ മായ എസ്.എന്‍.ഡി.പി ഗുരുപാദം മൈക്രോ ഫിനാന്‍സ് അംഗവും, വനിത സംഘം എക്‌സിക്യുട്ടീവ് അംഗവുമാണ്. ഹൃദ്രോഗിയായ ഇവര്‍ക്ക് കാല്‍ പാദത്തില്‍ നീരുള്ളതിനാല്‍ നെയ്തുജോലി ചെയ്യുവാന്‍ സാധിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. എസ്.എന്‍.ഡി.പി. പുന്നമൂട് വനിത വിഭാഗത്തിന് ലഭിച്ച പരാതിയില്‍ മേല്‍നടപടികള്‍ക്കായി യൂണിയന്‍ ഭാരവാഹികള്‍ക്ക് കൈമാറും.
Post Your Comments