Latest NewsNewsInternational

താരങ്ങളാക്കാമെന്നു പറഞ്ഞ് ലൈംഗിക പീഡനം : സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 38 യുവതികള്‍

 

ലൊസാഞ്ചല്‍സ് : സിനിമയില്‍ അവസരം തരാമെന്നും താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി 38 യുവതികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഹോളിവുഡില്‍നിന്ന് മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി പുറത്ത് വന്നത്. ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിന് (72) എതിരെയാണ് പരാതി.

താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി 38 സ്ത്രീകളാണു പരാതി നല്‍കിയത്. ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ സ്ത്രീകളെയൊന്നും കണ്ടിട്ടേയില്ലെന്നു പ്രതികരിച്ചു.

നടിമാരായ ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേര്‍ പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു. ‘എല്ലാവര്‍ക്കും ജോലി ചെയ്യേണ്ടതുണ്ട്. അതിനാല്‍ പലരും പലതും സഹിച്ചതാണ്’- ഡാനന്‍ പറഞ്ഞു.

ആരാണ് ജയിംസ് ടൊബാക് ?

ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നുള്ള തിരക്കഥാകൃത്താണു ജയിംസ് ടൊബാക്. ഹര്‍വാഡ് സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്ത ജയിംസ്, പത്രപ്രവര്‍ത്തകനായി 1966 മുതല്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ജോലിയെടുത്തു. എഴുപതുകളുടെ തുടക്കത്തില്‍ ക്രിയേറ്റീവ് എഴുത്ത് അധ്യാപകനായി മാറി. പിന്നീട് സിനിമയ്ക്കു വേണ്ടി തിരക്കഥകള്‍ ഒരുക്കി. ജയിംസ് കാന്‍ നായകനായി 1974ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ‘ദ് ഗാംബ്ലര്‍’ ഇദ്ദേഹത്തിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. വാറന്‍ ബീറ്റി ടൈറ്റില്‍ റോളില്‍ അഭിനയിച്ച ബഗ്‌സി (1991) ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചു. ബഗ്‌സിക്ക് 10 ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ടു ഗേള്‍സ് ആന്‍ഡ് എ ഗൈ, വെന്‍ വില്‍ ഐ ബി ലവ്ഡ്, മൈക് ടൈസനെക്കുറിച്ചുള്ള ഡോക്യുമെന്ററി ടൈസന്‍ എന്നിവ സംവിധാനം ചെയ്തു.

 

ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ നടപടി

 

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന ഇറ്റാലിയന്‍ മോഡലിന്റെ പരാതിയിലാണു ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ നടപടി. 2013 ഫെബ്രുവരിയില്‍ ലൊസാഞ്ചല്‍സില്‍ ഇറ്റാലിയന്‍ ഫിലിം ഫെസ്റ്റിവലിനിടെയാണു സംഭവമെന്നു മുപ്പത്തെട്ടുകാരിയായ ഇവര്‍ പൊലീസിനു മൊഴി നല്‍കി. ഇറ്റാലിയന്‍ നടി ആസിയ അര്‍ജന്റോ ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതിയില്‍ ന്യൂയോര്‍ക്ക് പൊലീസും അന്വേഷണം ആരംഭിച്ചു. ആഞ്ജലീന ജോളി, ഗിനത്ത് പാട്രോ എന്നിവര്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ വെയ്ന്‍സ്റ്റെയ്‌നെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ എട്ടുപേരുടെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button